ആലപ്പുഴ: മാന്നാറിൽ കല എന്ന യുവതിയുടെ കൊലപാതകത്തിന് പിന്നാലെ സംഭവിച്ചത് ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ എന്ന് അന്വേഷണ സംഘം. കലയുടെ മൃതദേഹം സുഹൃത്തുക്കളുടെ സഹായത്താൽ സെപ്റ്റിക് ടാങ്കിൽ മറവ് ചെയ്ത ശേഷം ഒന്നാം പ്രതി അനിൽ രഹസ്യമായി മൃതദേഹം മറ്റൊരിടത്തേയ്ക്ക് മാറ്റിയെന്നാണ് പോലീസിന്റെ സംശയം. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ അനിലിനെ എത്രയും പെട്ടെന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
മൃതദേഹം സെപ്റ്റിക് ടാങ്കിനുള്ളിൽ മറവ് ചെയ്തതായി കൂട്ടുപ്രതികളിൽ ഒരാളാണ് പോലീസിന് മൊഴി നൽകിയത്. ഇതേ തുടർന്ന് രണ്ട് സെപ്റ്റിക് ടാങ്കുകളും പോലീസ് തുറന്ന് പരിശോധിച്ചിരുന്നു. എന്നാൽ വസ്ത്രം, മുടിയിലെ ക്ലിപ്പ് എന്നിവ മാത്രമാണ് ലഭിച്ചത്. അസ്ഥികളോ തലയോട്ടിയോ ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് മൃതദേഹം ഇവിടെ നിന്നും മാറ്റിയിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്.
കെട്ടിട നിർമ്മാണ തൊഴിലാളി ആയിരുന്നു അനിൽ കുമാർ. അതിനാൽ സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം പുറത്തെടുക്കാൻ ഒറ്റയ്ക്ക് അനിലിന് കഴിഞ്ഞേക്കുമെന്നും പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം മാറ്റുമ്പോൾ ഒറ്റയ്ക്കായിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ അനിലിനെ തന്നെ ചോദ്യം ചെയ്യണം.
പെരുമ്പുഴ പാലത്തിന് മുകളിൽ കാറിൽ വച്ചാണ് കലയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹം പുഴയിൽ തള്ളുന്നതിന് വേണ്ടി ആയിരുന്നു ഇവിടെ വച്ച് കൃത്യം നടത്തിയത്. എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കൊണ്ടിടുകയായിരുന്നു.
Discussion about this post