ന്യൂഡൽഹി : 46-ാമത് ലോക പൈതൃക സമിതി സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ജൂലൈ 21 ന് വൈകിട്ട് 7 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആയിരുന്നു സമ്മേളനത്തിന്റെ ഉദ്ഘാടനം. ഇന്ത്യ ആദ്യമായാണ് ലോക പൈതൃക സമിതി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2000-ലധികം ദേശീയ, അന്തർദേശീയ പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെൻ്ററിന് ഒരു മില്യൺ ഡോളർ ധനസഹായം നൽകുമെന്നും പ്രഖ്യാപിച്ചു.
യുനെസ്കോ എല്ലാവർഷവും ലോക പൈതൃക സമിതിയുടെ വാർഷിക സമ്മേളനം നടത്തിവരാറുണ്ട്. ലോക പൈതൃക പട്ടികയിൽ പുതിയ സൈറ്റുകൾ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ യുനെസ്കോയുടെ ഈ സമ്മേളനത്തിലാണ് തീരുമാനിക്കുക. നിലവിലുള്ള 124 ലോക പൈതൃക സ്വത്തുക്കളുടെ സംസ്ഥാന സംരക്ഷണ റിപ്പോർട്ടുകൾ, ലോക പൈതൃക ഫണ്ടുകളുടെ അന്താരാഷ്ട്ര സഹായവും വിനിയോഗവും മുതലായ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും. 2024 ലെ യുനെസ്കോ സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ജൂലൈ 21 മുതൽ 31 വരെ ആയിരിക്കും നടക്കുക.
Discussion about this post