പ്രകൃതി സൗന്ദര്യം മുഴുവൻ ആവാഹിച്ച് പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം, അതാണ് മലയാളപഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പഞ്ചപാണ്ഡവരാൽ നിർമിക്കപ്പെട്ട ഉറവപ്പാറ ക്ഷേത്രത്തിൽ സ്വയംഭൂ സങ്കൽപ്പത്തിലുള്ള ബാലസുബ്രഹ്മണ്യ ചൈതന്യമാണ് കുടികൊള്ളുന്നത്. തറ നിരപ്പൽ നിന്ന് അഞ്ഞൂറ് അടി ഉയരത്തിൽ വലിയ ഒരു പാറയുടെ മുകളിലാണ് ഈ ക്ഷേത്രം.
മകരമാസത്തിലെ പൂയം നാളും വെളുത്ത വാവും ഉത്സവവും ഒന്നിച്ച് വരുന്ന ദിവസങ്ങളിൽ രാവിലെ ഉറവപ്പാറയുടെ അടിവാരത്തിൽ ഒരു പ്രത്യേക സ്ഥാനത്ത് ഏതാനും നിമിഷ നേരത്തേക്ക് ഒരു ഉറവ പ്രത്യക്ഷപ്പെടും.ഔഷധ ഗുണമുള്ള ഈ ഉറവതീർത്ഥം പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് ഇവിടം ഉറവപ്പാറയെന്ന് അറിയപ്പെടുന്നത്.
പാണ്ഡവരുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഉറവപ്പാറ ക്ഷേത്രത്തിന്റെ ഐതിഹ്യം. ചൂതുകളിയിൽ തോറ്റ് വനവാസത്തിന് പോവേണ്ടി വന്ന പഞ്ച പാണ്ഡവരും ദ്രൗപതിയും ഉറവപ്പാറയിലെ ഈ പാറയുടെ മുകളിലും എത്തി. ഇവിടെ പർണശാല കെട്ടി താമസിച്ച പാണ്ഡവർ അവർക്ക്ഒരു ദിവസത്തേക്ക് പ്രാർത്ഥിക്കാനായി രാത്രിയിൽ ഒരു ക്ഷേത്രം നിർമിച്ചുവെന്നാണ് പറയപ്പെടുന്നത്. പുലരും മുൻപ് പോകേണ്ടതിനാൽ വാതിൽ ഇല്ലാത്ത രീതിയിൽ കരിങ്കൽ പാളികൾ കൊണ്ട് ചുവരുകൾ നിർമിച്ചാണ് പാണ്ഡവർ പ്രതിഷ്ഠ നടത്തിയത്.
ക്ഷേത്രത്തിന്റെ ഐതിഹ്യം അനുസ്മരിപ്പിക്കുന്ന നിരവധി തെളിവുകൾ ഉറവപ്പാറയിൽ കാണാം. ക്ഷേത്രത്തിനു പുറകിലായി പാറയിൽ ഒരിക്കലും വറ്റാത്ത ഒരു കുളമുണ്ട്. പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമസേനൻ പാദം കൊണ്ട് നിർമ്മിച്ച ഈ കുളം ഭീമപാദ തീർത്ഥ കുളം എന്നാണ് അറിയപ്പെടുന്നത്. ഭീമതീർത്ഥകുളം കുട്ടനാടൻ പാടശേഖരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുട്ടനാടൻ പാടശേഖരങ്ങളിൽ നിലമുഴുമ്പോൾ ഇവിടെ വെള്ളത്തിന്റെ നിറം മാറുമെന്നും വിളവെടുപ്പ് സമയത്ത് നെൽക്കതിർ പൊന്തി വരുമെന്നുമാണ് പഴമക്കാർ പറയുന്നത്.
പാണ്ഡവർക്ക് ഭക്ഷണം പാകം ചെയ്യാനായി ഭീമൻ പാറകൾ കൊണ്ട് കൂട്ടിയ ഒരു അടുപ്പും ഇവിടെ കാണാം.ക്ഷേത്രത്തിന്റെ ഈശാന കോണിൽ മറ്റൊരു കുളവുമുണ്ട്. ഇവിടെയുള്ള ജലാശയങ്ങൾക്ക് ക്ഷേത്രാചാരപ്രകാരം ഏറെ പ്രധാന്യം കൽപ്പിക്കുന്നുണ്ട്. മനുഷ്യരുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അനേകം ദിവ്യാത്മാക്കളുടെ സാന്നിധ്യം ഈ ജലാശയങ്ങളിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അതികം ഉയർത്തിക്കെട്ടിയ ഒരു തറയല്ല, ക്ഷേത്രത്തിന്റെ ശ്രീകോവിലിലേത്. ഉപദേവതമാരായി തെക്ക് പടഞ്ഞാറെ മൂലയിൽ ഗണപതിയും ശാസ്താവും നാലമ്പലത്തിന് പുറത്ത് രക്ഷസും കുടികൊള്ളുന്നു.
ഉപ്പും കുരുമുളകും സമർപ്പിക്കലാണ് ഇവിടുത്തെ പ്രധാന വഴിപാട്. രോഗശാന്തിയ്ക്കായാണ് ഭക്തർ ഈ വഴിപാട് നടത്തുന്നത്. മകരമാസത്തിലെ പുണർതം നാളിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഉത്സവത്തിനെത്തുന്നവർ ഇവിടെ താമസിച്ച് പിറ്റേന്ന് പൂയം തൊഴുതു ഇറങ്ങുക എന്നാണ് ഇവിടുത്തെ കാലങ്ങളായിട്ടുള്ള സമ്പ്രദായം.
Discussion about this post