കോഴിക്കോട്: തീവണ്ടി യാത്രയിലെ അനുഭവത്തെ കുറിച്ച് ഹൃദയദേദകമായ കുറിപ്പ് പങ്കുവച്ച് എ.പി അഹമ്മദ് മാഷ്. ട്രെയിനിൽ വച്ച് തലകറക്കം അനുഭവപ്പെട്ട് പാളത്തിലേയ്ക്ക് വീഴുമായിരുന്ന തന്നെ രക്ഷിച്ചത് റെയിൽവേ സുരക്ഷാ സേനയിലെ ശ്രീരഞ്ജ് എന്ന ഉദ്യോഗസ്ഥനും സഹപ്രവർത്തകൻ പവിത്രനുമാണെന്ന് അഹമ്മദ് മാഷ് പറയുന്നു. തീവണ്ടിയാത്രയിലെ രക്ഷാദൂതന്മാർ എന്നാണ് അദ്ദേഹം അവരെ അഭിസംബോധന ചെയ്തത്.
അതിവേഗത്തിൽ തന്നെ റെയിൽ വേ ജീവനക്കാർ തന്നെ ആശുപത്രിയിൽ എത്തിച്ചുവെന്നും ഡ്യൂട്ടി കഴിഞ്ഞിട്ടും വീട്ടിൽ പോവാതെ തനിക്ക് ആശുപത്രിയിൽ കാവലിരുന്നതും റെയിൽവേയിലെ ആ രക്ഷാദൂതന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസ് മുതൽ ആശുപത്രിയിൽ വരെ തനിക്ക് ആശ്വാസമേകിയ ഓരോരുത്തരുടെയും പേരുകൾ എടുത്ത് പറഞ്ഞുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തീവണ്ടിയാത്രയിലെ
സുരക്ഷാ ദൂതന്മാർ
ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ ഞാൻ പാളത്തിലേക്കു വീണേനെ! ആ നിമിഷം ഓർക്കാൻ പോലും വയ്യ!
പതിവുപോലെ ജോലി കഴിഞ്ഞ് ഏഴുമണിയുടെ ജനശതാബ്ദിക്ക് എറണാകുളത്തുനിന്ന് കയറിയതാണ്. രാവിലെ മുതൽ ഒരു ഇളംപനിയുടെ കുളിരുണ്ടായിരുന്നതു കൊണ്ട്, ഒരു ഡോളോയുടെ ബലത്തിൽ പണി പൂർത്തിയാക്കി പോന്നതാണ്. വിശപ്പില്ലാത്തതു കൊണ്ട് ഭക്ഷണവും വെള്ളവും നന്നേ കുറവായിരുന്നു.
ഡി4/28 സീറ്റിൽ ചൂളിക്കൂടി ഇരുന്ന് മയങ്ങിപ്പോയത് അറിഞ്ഞില്ല. 11 മണിയോടെ കോഴിക്കോട് അടുക്കുമ്പോഴാണ് ചാടിയെണീറ്റത്. വാതിൽക്കലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ തലചുറ്റാൻ തുടങ്ങിയത് ഞാനറിഞ്ഞു. ഒരു മിനുട്ട് ഇരുന്ന് എണീറ്റാൽ മാറുമെന്ന് തോന്നി. കോഴിക്കോട്ട് വണ്ടി കുറച്ചുനേരം നിൽക്കുമല്ലോ എന്നും കരുതി. ഇരുന്നതേ ഓർമയുള്ളു. പിന്നെ ബോധം തെളിയുമ്പോൾ വണ്ടി വടകരയിൽ എത്തിയിരുന്നു. തട്ടിപ്പിടഞ്ഞെണീറ്റ് വാതിൽക്കൽ എത്തുമ്പോഴേക്കും വണ്ടി നീങ്ങിയിരുന്നു. അർധബോധത്തോടെ ചാടിയിറങ്ങാനാണ് ഞാൻ ശ്രമിച്ചത്.
ആരോ എന്റെ കോളർ പിടിച്ച് പുറകോട്ട് വലിച്ചു. അയാളുടെ കൈകളിൽ താങ്ങി, ഞാൻ വീണത് വണ്ടിക്കുള്ളിലാണ്. റെയിൽവേ സുരക്ഷാ സേനയിലെ ശ്രീരഞ്ജ് എന്ന ഉദ്യോഗസ്ഥനായിരുന്നു അത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ പവിത്രനും ഓടിയെത്തി. ടിടിഇമാരും യാത്രക്കാരും കൂടി എന്നെ താങ്ങിയെടുത്ത് സീറ്റിൽ കിടത്തി. ഓർമ വരുമ്പോഴൊക്കെ പലരും എന്റെ ഊരുംപേരും ചോദിച്ചുകൊണ്ടിരുന്നു. ആർക്കൊക്കെയോ വിവരങ്ങൾ പൊയ്ക്കൊണ്ടിരുന്നു. കോഴിക്കോട് മുതൽ ടിക്കറ്റില്ലാതെ യാത്രചെയ്ത എനിക്ക് ഫൈൻ വരുമെന്നും ഞാൻ കരുതി. അങ്ങനെയൊരു സംശയംപോലും ആരും ഉന്നയിച്ചില്ല. ചിലനേരങ്ങളിൽ യാത്രക്കാരന്റെ ധർമസങ്കടം ഉദ്യോഗസ്ഥന്മാർ ഭാഷയില്ലാതെ വായിക്കുമായിരിക്കും. ശ്രീരഞ്ജ് ആവർത്തിച്ചു പറഞ്ഞ വാക്കുകൾ എനിയ്ക്ക് എണീറ്റിരിക്കാനുള്ള കരുത്ത് പകർന്നു: ”ഒറ്റയ്ക്കാണല്ലേ? സാറ് പേടിയ്ക്കണ്ട; ഞങ്ങളുണ്ട് കൂടെ..”
വണ്ടി തലശ്ശേരി എത്തുമ്പോൾ, ഡി4നു മുമ്പിൽ വീൽചെയറുമായി സർവസന്നാഹങ്ങളോടെ മെഡിക്കൽ ടീം കാത്തുനിന്നു. 108 ആംബുലൻസിലേക്ക് എന്നെ കയറ്റുമ്പോൾ അതിനകത്തെ മെയിൽ നേഴ്സ് ജിജേഷ് എന്നെ തിരിച്ചറിഞ്ഞതും ആശ്വാസമായി. വിദൂരദേശത്ത് പാതിരാനേരത്ത് ആശുപത്രിയിലേക്ക് പറക്കുമ്പോൾ നമ്മെ അറിയുന്നൊരാൾ കൂടെയുള്ളത് എന്തൊരു ധൈര്യമാണ്!
തലശ്ശേരി ഗവണ്മെന്റ്
ജനറൽ ആശുപത്രിയിൽ ഒരു മണിയോടെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ: രാജീവിന്റെ നേതൃത്വത്തിൽ എല്ലാ പരിശോധനകളും നടത്തി. രക്തം മുതൽ ഇസിജി വരെ. ഒടുവിൽ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടറുടെ മൊഴി. ക്ഷീണംകൊണ്ടുള്ള പനിയാണ്. ഒരു ഇഞ്ചക്ഷനും ഡ്രിപ്പും തരാം. സുഖമായുറങ്ങൂ. രാവിലേക്കു സുഖമാകും. ഡോക്ടററുടെ സാന്ത്വനത്തിന് സിസ്റ്റർമാരും പിന്തുണച്ചു. ഞാൻ സുഖമായുറങ്ങുമ്പോൾ, ഡ്യൂട്ടി കഴിഞ്ഞിട്ടും വീട്ടിൽ പോകാതെ, റെയിൽവേയിലെ രക്ഷാദൂതന്മാർ എനിയ്ക്ക് കാവലിരുന്നത് രാവിലെയാണ് അറിഞ്ഞത്. തലശ്ശേരിക്കാരായ എത്രയോ കൂട്ടുകാരുടെ സ്നേഹം പലപ്പോഴായി ഞാൻ അറിഞ്ഞിട്ടുണ്ട്. അജ്ഞാതരായ തലശ്ശേരിക്കാർക്കും അത്രതന്നെ സ്നേഹമുണ്ടെന്നറിയാൻ ഒരവസരമായി..
യാത്ര ചെയ്യാവുന്ന പരുവത്തിലായപ്പോൾ സിസ്ചാർജ് വാങ്ങി, ആശുപത്രിയോട് വിടപറയുമ്പോൾ ഡോക്ടർ നൽകിയ ഉപദേശവും മനുഷ്യപ്പറ്റുള്ള ആരോഗ്യചിന്തയായിരുന്നു. ”പാരസെറ്റമോൾ എഴുതുന്നുണ്ട്. പനിയുണ്ടെങ്കിൽ മാത്രം കഴിക്കാൻ. ദയവായി മരുന്ന് കഴിച്ച് രോഗമുണ്ടാക്കരുത്..
ജോലിയും യാത്രയും കുറയ്ക്കണം. ഭക്ഷണം കുറച്ച് കൂട്ടണം..”
ഈ രക്ഷാദൂതന്മാർ എത്രയോ പേരെ രക്ഷപ്പെടുത്തിയിരിക്കാം. ഇന്ത്യൻ റെയിൽവേ അവർക്ക് പരിശീലനവും നൽകുന്നുണ്ടാവാം. എങ്കിലും സുരക്ഷിതമായി വീടെത്തിയപ്പോൾ, ഒരു നന്ദിവാക്കെങ്കിലും ആ മനുഷ്യരോട് പറഞ്ഞില്ലെങ്കിൽ, ഞാനെന്ത് മനുഷ്യൻ?
Discussion about this post