എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ. മനോജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.
ലഗേജ് പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരന്റെ ചോദ്യത്തിന് ബാഗിൽ ബോംബാണെന്ന് മറുപടി പറയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ, താൻ തമാശയ്ക്ക് പറഞ്ഞതാണെന്നാണ് മൊഴി നൽകിയത്.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഒരാൾ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കഴിഞ്ഞ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തത്. ഇയാൾ കാരണം രണ്ട് മണിക്കൂറാണ് വിമാനം വൈകിയത്. ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ പ്രശാന്ത് തായ് എയർലൈൻസിൽ തായ്ലാന്റിലേക്ക് പോകാനെത്തിയതാണ്. പ്രശാന്തും ഭാര്യയും മകനും ഉൾപ്പെടെ മറ്റ് നാല് പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചപ്പോൾ പ്രശാന്തിന് ഇഷ്ടമായില്ല. ഇതിൽ ബോംബാണെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചപ്പോൾ ഒരേ മറുപടി ആവർത്തിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവം റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് വിമാനം മണിക്കൂറുകൾ വൈകിയത്. പരിശോധനയ്ക്കു ശേഷം വിമാനം യാത്ര പുറപ്പെട്ടെങ്കിലും പ്രശാന്തിന്റെ ഭാര്യയും മക്കളും യാത്ര തുടർന്നില്ല.
Discussion about this post