ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ഒളിമ്പിക്സ് താരമായ പിആർ ശ്രീജേഷ്. കുടുംബത്തടൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ കുടുംബത്തിന്റെ ഏറ്റവും നല്ല ദിവസം എന്നാണ് അദ്ദേഹം ക്യാപ്ഷൻ പറഞ്ഞിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിലായിരുന്നു സന്ദർശനം.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ഒളിമ്പിക്സ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇന്ത്യൻ ഹോക്കി താരങ്ങൾ ഒപ്പിട്ട ജേഴ്സി ശ്രീജേഷ് പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പിആർ ശ്രീജേഷ് കുടുംബസമേതം മോദിയെ സന്ദർശിച്ചത്. താരത്തിന്റെ മകന്റെയും മകളുടെയും തലയിൽ കൈവച്ച് അനുഗ്രഹിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ശ്രീജേഷിന്റെ മാതാപിതാക്കളും ഭാര്യയും മക്കളും ചേർന്നുള്ളതാണ് ഫോട്ടോ.
അതേസമയം മലയാളിയും ഇതിഹാസ ഗോൾ കീപ്പറുമായ പിആർ ശ്രീജേഷിനു ഇനി പുതിയ ചുമതല. മുൻ നായകൻ ഇനി ഇന്ത്യൻ ജൂനിയർ ടീം പരിശീലകൻ. ഒളിംപിക്സ് വെങ്കല മെഡൽ നേട്ടത്തോടെ അന്താരാഷ്ട്ര ഹോക്കിയിൽ നിന്നു വിരമിച്ചതിനു പിന്നാലെയാണ് ശ്രീജേഷിനു പുതിയ ചുമതല നൽകിയിരിക്കുന്നത്. ശ്രീജേഷിനെ പരിശീലകനായി നിയമിച്ച കാര്യം ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.
Discussion about this post