തൃക്കാക്കര: എറണാകുളത്തെ തൃക്കാക്കര ക്ഷേത്രത്തിൽ ശനിയാഴ്ച 20,000 ത്തോളം ആളുകൾക്ക് ഇന്നലെ ഉത്രാട സദ്യ സംഘടിപ്പിച്ചു.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട ആഘോഷമായ ഓണത്തിന്റെ ഐതീഹ്യവുമായി ബന്ധപെട്ടു നിൽക്കുന്ന ക്ഷേത്രമാണ് തൃക്കാക്കര. കേരളത്തിലെ പ്രധാന ഉത്സവമായ ഓണം, വിഷ്ണുവിൻ്റെ വാമനാവതാരത്തെയും ഇതിഹാസ ചക്രവർത്തിയായ മഹാബലിയുടെ കേരള സന്ദർശനത്തിന്നെയും കുറിക്കുന്നതാണ്. ഭാരതത്തിൽ തന്നെ വാമന മൂർത്തി പ്രതിഷ്ഠയായുള്ള വളരെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര.
തൃക്കാക്കര എന്നത് തിരുകാൽ കര എന്ന പേരിന്റെ മറ്റൊരു രൂപമാണ്. ഭഗവാൻ വാമന മൂർത്തിയുടെ തൃക്കാൽ പതിഞ്ഞ സ്ഥലം എന്നാണ് ഈ പേര് അർത്ഥമാക്കുന്നത്. തിരുകാൽ കര പിന്നീട് തൃക്കാക്കര ആവുകയായിരുന്നു. പരശുരാമ പ്രതിഷ്ഠിതമായ വാമന മൂർത്തിയാണ് തൃക്കാക്കരയിലെ മുഖ്യ പ്രതിഷ്ഠ.
മഹാബലിയെയും വാമനനെയും ആദരിക്കുക എന്നത് തൃക്കാക്കരയുടെ പ്രത്യേകതയാണ്. തൃക്കാക്കരയിൽ നിന്നാണ് മലയാളിയുടെ ഓണാഘോഷം തുടങ്ങുന്നത്. ചിങ്ങമാസത്തിലെ അത്തം നാളിൽ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന തൃക്കാക്കര ഓണ മഹോൽസവം തിരുവോണ നാളിലെ ആറാട്ടോടെയോ ഘോഷയാത്രയോടെയോ സമാപിക്കും.
ഇപ്പോൾ ഉത്രാടം നാളിൽ ക്ഷേത്രത്തിലെ ആനകൾക്ക് അന്നദാനം നൽകുന്ന ചടങ്ങോടെയാണ് ഇത് ആരംഭിക്കുന്നത്, ഈ ചടങ്ങ് ആനയൂട്ട് എന്നറിയപ്പെടുന്നു. തുടർന്ന് വിഭവസമൃദ്ധമായ ഉത്രാടസദ്യ. അന്ന് വൈകുന്നേരമാണ് വലിയവിളക്കും പള്ളിവേട്ടയും നടക്കുന്നത്. തിരുവോണ നാളിൽ മഹാബലിയെ വരവേൽക്കുന്ന ആചാരവുമുണ്ട്. തുടർന്ന് വിശേഷാൽ നാദസ്വരം, തക്കിൽ, പഞ്ചാരി മേളത്തിൻ്റെ വാദ്യമേളം തുടങ്ങിയ വാദ്യോപകരണങ്ങളോടെ ശ്രീബലിയെ ആദരിച്ച് ഏഴ് ആനകൾ അണിനിരക്കുന്ന പകൽപ്പൂരം.
ശ്രീകോവിലിൻ്റെ ചുവരുകളിലെ അതിമനോഹരമായ കൊത്തുപണികൾ തൃക്കാക്കര ക്ഷേത്രത്തിലെ 2,500 വർഷത്തിലേറെ പഴക്കമുള്ള പരമ്പരാഗത ഓണാഘോഷങ്ങളിലേക്ക് വെളിച്ചം വീശുന്നു.
ഐതിഹ്യമനുസരിച്ച്, ചേര രാജാക്കന്മാർ എല്ലാ പ്രാദേശിക ഭരണാധികാരികളെയും പ്രമാണിമാരെയും ഒരു മാസം നീണ്ടുനിൽക്കുന്ന വാർഷിക സമ്മേളനത്തിനായി വാമനമൂർത്തി ക്ഷേത്രത്തിൽ വിളിച്ചു കൂട്ടാറുണ്ടായിരുന്നു . തൃക്കാക്കരയിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ വീടുകളോടും ഓണം ആഘോഷിക്കാൻ രാജാവ് ആവശ്യപ്പെട്ടു. ഇവിടത്തെ ഓണസദ്യ പ്രത്യേകം ശ്രദ്ധേയമാണ്.
Discussion about this post