റാഞ്ചി : ഝാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ്സും ജെഎംഎമ്മും ഒന്നിച്ചു നിന്ന് പോരാടുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. 70 സീറ്റുകളിൽ ജെഎംഎമ്മും കോൺഗ്രസും സംയുക്തമായി മത്സരിക്കുമെന്നാണ് ഹേമന്ത് സോറൻ അറിയിച്ചത്. 81 സീറ്റുകളിലേക്ക് ആണ് ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
70 സീറ്റുകളിൽ കോൺഗ്രസും ജെഎംഎമ്മും ഒന്നിച്ച് മത്സരിക്കുകയും ബാക്കി 11 സീറ്റുകളിൽ ആർജെഡി, ഇടത് പാർട്ടികൾ എന്നിവരെ മത്സരിപ്പിക്കുകയും ചെയ്യും എന്നാണ് സോറൻ വ്യക്തമാക്കുന്നത്. സഖ്യകക്ഷികളായ ആർജെഡിയുമായും ഇടതുപാർട്ടികളുമായും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹേമന്ത് സോറനും കോൺഗ്രസിൻ്റെ ജാർഖണ്ഡ് ചുമതലയുള്ള ഗുലാം അഹമ്മദ് മിറും ചേർന്നു നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നിലവിൽ ജെഎംഎം ആണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി. 30 എംഎൽഎമാരാണ് നിലവിൽ പാർട്ടിക്കുള്ളത്. ബിജെപിക്ക് 25 എംഎൽഎമാരും കോൺഗ്രസിന് 16 എംഎൽഎമാരും ആണുള്ളത്. എന്നാൽ അഴിമതി ആരോപണങ്ങളും ഭൂമി കുംഭകോണങ്ങളും മുഖ്യമന്ത്രിയുടെ അറസ്റ്റും എല്ലാം മൂലം ഈ തിരഞ്ഞെടുപ്പിൽ പരാജയഭീതിയിലാണ് ജെഎംഎം.
നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
Discussion about this post