ഉച്ചഭക്ഷണത്തിനായുള്ള ഇടവേളകള്‍ ജോലിക്കാര്‍ ഒഴിവാക്കുന്നതായി പഠനം. പുതുതലമുറയിലെ 47 ശതമാനം പേരാണ് ഇത്തരത്തില്‍ ഉച്ചഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്നത്.. ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ezCater എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2024 ലഞ്ച് റിപ്പോര്‍ട്ട്(2024 Lunch Report) പ്രകാരം പുതുതലമുറയില്‍പ്പെട്ട 47 ശതമാനം പേരും ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ ഉച്ചഭക്ഷണത്തിനായുള്ള ഇടവേള വേണ്ടെന്ന് വയ്ക്കുന്നുണ്ട്. ഉച്ചഭക്ഷണം കഴിക്കാനായി ജോലിയില്‍ നിന്ന് മാറി നില്ക്കുമ്പോള് ബേബി ബൂമര്‍ തലമുറയില്പ്പെട്ടവരേക്കാള്(രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ടുപിന്നാലെ ജനിച്ചവരുടെ തലമുറ 1946നും 1964നും ഇടയില്‍ ജനിച്ചവര്‍)നാലിരട്ടി കുറ്റബോധം ഇവരില്് അനുഭവപ്പെടുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് സമയത്ത് ഉയര്‍ന്നുവന്ന ഉത്പാദനക്ഷമത സംബന്ധിച്ച കര്‍ശനമായ സംസ്കാരത്തില്‍ നിന്നാണ് ഇങ്ങനെയൊരു പ്രതിഭാസം ഉയര്‍ന്നുവന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. വീട്ടിലിരുന്നു ജോലി ചെയ്യുന്ന 60 ശതമാനം പേര്‍ക്കും ഇടവേള എടുക്കുന്നത് കുറ്റബോധം ഉണ്ടാക്കുന്നതായി 2020ല്‍ ഫെഷ്ലിയില് വന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇടവേളയെടുക്കുന്നത് തങ്ങളുടെ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നതായും പഠനത്തില്‍ പറയുന്നു.
ഇടവേളയെടുക്കാന്‍ വിമുഖത കാണിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി 5000 ജീവനക്കാരിലാണ് പഠനം നടത്തിയത്. പ്രതികരിച്ചവരില്‍ 23 ശതമാനം പേരും ഉച്ചഭക്ഷണ സമയത്ത് ഇടവേളയെടുക്കുന്നത് തങ്ങളുടെ ജോലി കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമെന്ന് ഭയപ്പെടുന്നതായി കണ്ടെത്തി. അതേസമയം, ഓഫീസില്‍ മീറ്റിംഗുകളുടെ സമയം വര്‍ധിക്കുന്നത് ഉച്ചഭക്ഷണ ഇടവേള എടുക്കുന്നതിന് തടസ്സമായി നില്ക്കുന്നതായി 19 ശതമാനം പേരും വ്യക്തമാക്കി. ഇത് പരിഹരിക്കാന്‍ ഓഫീസില്‍ തന്നെ ഭക്ഷമൊരുക്കണമെന്നാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.
Discussion about this post