രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ് നൂതനവും വ്യത്യസ്തവുമായ രീതികളിലാണ് ഇപ്പോള്‍ ആളുകളില്‍ നിന്നും പണം തട്ടാന്‍ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പുതിയ പാഴ്സല്‍ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്.
പുതിയ രീതിയാണ് പാഴ്സല്‍ തട്ടിപ്പ്? ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തവരെ വിളിച്ച് പോലീസ് ഉദ്യോഗസ്ഥരോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരോ ആയി അഭിനയിച്ച് നിങ്ങളുടെ പേരിലുള്ള പാഴ്സലില്‍ മയക്കുമരുന്ന് പോലുള്ള നിയമവിരുദ്ധ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും നിയമപരമായ ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു.
ഇരകളുടെ ദുര്‍ബലതയെയും ഭയത്തെയും മുതലെടുത്ത് പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ഭയപ്പെടുത്തലുകള്‍ക്ക് ഒടുവില്‍ സാമ്പത്തിക വിവരങ്ങള്‍ നല്കാന് ആവശ്യപ്പെടും. കൂടാതെ ഒരു വ്യാജ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാന്‍ ഇരകളോട് ആവശ്യപ്പെടുകയും ചെയ്യും. ഇത് കൂടാതെ ബാങ്ക് വിവരങ്ങള്‍ക്ക് പുറമെ അവരുടെ ആധാര്‍ നമ്പറുകളും മറ്റ് തിരിച്ചറിയല്‍ വിവരങ്ങളും നല്‍കാനും തട്ടിപ്പുകാര്‍ ആവശ്യപ്പെടും.
രക്ഷനേടാന്‍ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് നല്കുന്ന വഴികള്‍ ഇങ്ങനെ
കോളുകള്‍ വരുകയാണെങ്കില്‍ അത് സ്ഥിരീകരിക്കാന്‍ ശ്രമിക്കുക.
സാമ്പത്തിക വിവരങ്ങള്‍ എത്ര ഭീഷണിപ്പെടുത്തിയാലും നല്‍കാതിരിക്കുക
ഇത്തരത്തിലുള്ള കോളുകള്‍ വന്നാല്‍ അത് പോലീസിനെ അറിയിക്കുക. അല്ലെങ്കില്‍, ഉടന്‍ തന്നെ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ cybercrime.gov.in-ലേക്ക് റിപ്പോര്‍ട്ട് ചെയ്യണം അല്ലെങ്കില്‍ നിങ്ങള്‍ക്ക് 1930 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലും വിളിക്കാവുന്നതാണ്.
വ്യക്തിഗത വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കാതെ ഇരിക്കുക.
Discussion about this post