മോസ്കോ/ ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 16ാമത് ബ്രിക്സ് ഉച്ചകോടിയ്ക്കായി കസാനിൽ എത്തിയപ്പോഴായിരുന്നു പുടിനുമായുള്ള കൂടിക്കാഴ്ച. റഷ്യ- യുക്രൈയ്ൻ പോരാട്ടം അവസാനിപ്പിക്കാൻ എല്ലാവിധ പിന്തുണയും ഇന്ത്യ നൽകുമെന്നും മോദി പുടിനെ അറിയിച്ചു.
റഷ്യയും യുക്രെയിനുമായുള്ള സംഘർഷം തുടരുന്നതിനിടെ പുടിനുമായി നിരന്തരം സംസാരിക്കാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ പറഞ്ഞത് പോലെ എല്ലാ പ്രശ്നങ്ങളും സമാധാനത്തോടെ തീർക്കുകയാണ് നല്ലത്. സമാധാനത്തിലാണ് രാജ്യം വിശ്വസിക്കുന്നത്. സമാധാനവും സ്ഥിരതയും കഴിയുന്നത്ര വേഗത്തിൽ പുന:സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഇന്ത്യയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകും. മനുഷ്യത്വത്തിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകാറുള്ളത്. എല്ലാവിധ സഹകരണവും നൽകുമെന്നും മോദി പറഞ്ഞു.
മൂന്ന് മാസങ്ങൾക്ക് മുൻപ് മോദി റഷ്യയിൽ എത്തുകയും പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയെക്കുറിച്ചും പ്രധാനമന്ത്രി ഓർത്തെടുത്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും സഹകരണവും ആണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ളത് ഒരു സവിശേഷ നയതന്ത്ര ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ വാക്കുകളെ പൂർണമായും ശരിവയ്ക്കുന്നതായി പുടിനും വ്യക്തമാക്കി. ഇന്ത്യയും റഷ്യയും അടുത്ത സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ നയതന്ത്ര ബന്ധമാണ്. ഇത് എല്ലാകാലത്തും തുടരുമെന്നും പുടിൻ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയോടെയാണ് മോദി റഷ്യയിൽ എത്തിയത്. രണ്ട് ദിവസമാണ് ബ്രിക്സ് ഉച്ചകോടി നടക്കുക.
Discussion about this post