നെടുങ്കണ്ടം: നിർത്താതെ കരഞ്ഞതിനെ തുടർന്ന് പ്രകോപിതയായി പിഞ്ചു കുഞ്ഞിനെ ‘അമ്മ ചുമരിലെറിഞ്ഞു കൊലപ്പെടുത്തി. രണ്ടര മാസം മുമ്പാണ് നെടുങ്കണ്ടത്ത് പിഞ്ചു കുഞ്ഞ് അസ്വാഭാവിക സാഹചര്യത്തിൽ മരണപെട്ട നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വാസ്ഥ്യമുള്ള കുഞ്ഞിന്റെ മുത്തശ്ശി കാരണമാണ് മരണം നടന്നത് എന്നായിരുന്നു കുടുംബം നൽകിയ ഭാഷ്യം. എന്നാൽ ഇതിൽ സംശയം തോന്നിയ പോലിസ് നടത്തിയ തുടരന്വേഷണത്തിലാണ് വസ്തുതകൾ കണ്ടെത്തിയത്.
തുടർച്ചയായി കരഞ്ഞതിന്റെ ദേഷ്യത്തിൽ 59 ദിവസം പ്രായമായ ആൺകുഞ്ഞിനെ കുഞ്ഞിന്റെ ‘അമ്മ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടർന്ന് കുഞ്ഞിന്റെ അമ്മ ഉടുമ്പൻചോല ചെമ്മണ്ണാർ പുത്തൻപുരക്കൽ ചിഞ്ചു(27), ചിഞ്ചുവിന്റെ അച്ഛൻ ശലോമോൻ(64), അമ്മ ഫിലോമിന( ജാൻസി,56) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം ദിവസം രാത്രി കുഞ്ഞ് വിശന്നു കരഞ്ഞു. കുപ്പിപ്പാൽ എടുക്കാനായി ഫിലോമിന അകത്തേക്ക് പോയപ്പോൾ കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ചുമരിലേക്ക് എറിയുകയായിരുന്നു. കുഞ്ഞ് മരിച്ചെന്ന് മനസ്സിലായതോടെ പിന്നീട് മറ്റൊരു കഥ ഉണ്ടാക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻന്റ് ചെയ്തു. ഈട്ടിത്തോപ്പിലെ ഭർതൃഗൃഹത്തിൽ നിന്ന് പ്രസവത്തിനായാണ് ചിഞ്ചു സ്വന്തം വീട്ടിലെത്തിയത്. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുട്ടിയാണ് മരിച്ചത്.
Discussion about this post