മലപ്പുറം : വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച പ്രതി കരിപ്പൂരിൽ പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട വിമാനത്തിനാണ് ഇയാൾ ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നത്. സംഭവത്തിൽ പാലക്കാട് അനങ്ങനാടി കോതകുറിശ്ശി ഓവിങ്ങൽ വീട്ടിൽ മുഹമ്മദ് ഇജാസ് (26) ആണ് അറസ്റ്റിലായിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് അഞ്ചുമണിക്ക് ആയിരുന്നു എയർപോർട്ട് ഡയറക്ടറുടെ ഇമെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. കരിപ്പൂർ നിന്നും അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന എയർ അറേബ്യ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് എയർപോർട്ട് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് പാലക്കാട് സ്വദേശിയായ മുഹമ്മദ് ഇജാസ് ആണ് ഭീഷണി സന്ദേശംത്തിന് പുറകിൽ എന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് കൊണ്ടുപോയി.
Discussion about this post