ജെ.എന്‍.യു വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഇന്ത്യ നശിക്കും വരെ ഞങ്ങള്‍ യുദ്ധം ചെയ്യും എന്ന് പറയുന്നത് ശരിയാണോ? അത് വിദ്വേഷ പ്രസംഗം അല്ലെ? അത്തരത്തില്‍ ഉള്ളവരെ ഒറ്റപെടുത്താന്‍, നിയമത്തിനു മുന്പില് കൊണ്ട് വരാന്‍ ഇടതു-വലതു ഭേദമന്യേ നമ്മള് ശ്രമിക്കേണ്ടേ -രാഹുല്‍ ചോദിയ്ക്കുന്നു.
ഒരു ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രത്യയ ശാസ്ത്ര തടവറയില്‍ കഴിയാതെ, ഇന്ത്യന്‍ യാഥാര്‍ത്ഥ്യം മനസിലാക്കി, പാക്കിസ്ഥാന് അനുകൂല നിലപാടുകാരെ ആശയപരമായി നമള്‍ക്ക് തോല്പിക്കാന് കഴിയേണ്ടേ? മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നപോലെ, രാഷ്ട്രീയം എതായാലും രാഷ്ട്രം നന്നായാല്‍ മതി എന്ന് നമുക്ക് വരും തലമുറകളോട് പറയേണ്ടേ ?
കപട പുരോഗമന വാദം, കടുത്ത ദേശീയത, മാവോയിസം, അന്ധമായ ലിബറല്‍ വാദം ഒക്കെ മാറ്റിവച്ചു നമുക്ക് നമ്മളോട് ചോദിക്കാം-ഗാന്ധിജിയോ, നെഹ്രുവോ, പട്ടേലോ ഇന്ന് ജീവിച്ചിരുന്നെങ്കില്‍-‘ഇന്ത്യ നശിക്കട്ടെ’ എന്ന ആക്രോശം അവരെ വിഷമിപ്പിക്കില്ലെ? അദ്ദേഹം ചോദിയ്ക്കുന്നു.
ജെഎന്‍യു ഇന്ത്യയുടെ ഇടതുപക്ഷ ചിന്തയുടെ ഉരുക്ക് കോട്ടയാണ്. ഇന്ത്യയുടെ ഏറ്റവും നല്ല സര്‍വ കലാശാലകളില്‍ ഒന്ന്. പക്ഷെ പലപ്പോഴും തീവ്ര ഇടതു സ്വരങ്ങള്‍ അവിടെ നിന്ന് ഉയരുന്നത് തീവ്ര വലതുസ്വരങ്ങളെ പോലെ തന്നെ അപകടമല്ലേയെന്നും അദ്ദേഹം പറയുന്നു.
ആധുനിക ഇന്ത്യയുടെ പിതാവായ ഗാന്ധിജിയെ വധിച്ച ഗോഡ്സെക്ക് വേണ്ടി അമ്പലം പണിയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ ഹിന്ദു ഹൃദയ സാമ്രാട്ടായിരുന്ന ബാല്‍ താക്കറേയുടെ വോട്ടവകാശം പോലും എടുത്തു കളഞ്ഞ രാജ്യമാണ് ഇന്ത്യ. ബാല്‍ താക്കറേയുടെ വിഷയം വന്നപ്പോള്‍ ആരും അന്ന് ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരില്‍ ന്യായീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post