ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി മെയിലുകൾ അയച്ച പ്ലസ്ടുകാരന്റെ കുടുംബത്തിന് ഒരു സർക്കാരിതര സംഘടനയുമായി (എൻജിഒ) ബന്ധമുണ്ടെന്ന് പോലീസ് . സംഭവത്തിൽ പിന്നിൽ ദേശവിരുദ്ധ പ്രവർത്തനമുണ്ടോ , അട്ടിമറി ശ്രമമുണ്ടോ എന്നുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ് എന്ന് പോലീസ് വ്യക്തമാക്കി .
23 സ്കൂളുകളിലേക്കാണ് വിദ്യാർത്ഥി ഭീഷണി സന്ദേശം അയച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജി മെയിലിലൂടെയാണ് ഈ സന്ദേശങ്ങൾ വിദ്യാർത്ഥി അയച്ചത്. മെയിൽ ട്രാക്ക് ചെയ്താണ് അയച്ച വ്യക്തിയെ പിടികൂടിയത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് .
ഡൽഹിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ പ്രതിയും സുഹൃത്തുക്കളും ചേർന്ന് 400 ലധികം സ്കൂളൂകൾക്ക് ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതലാണ് വിദ്യാർത്ഥി സ്കൂളുകളിലേക്ക് ബോംബ് ഭീഷണി നൽകിക്കൊണ്ടുള്ള സന്ദേശങ്ങൾ അയച്ചുതുടങ്ങിയത്. സ്കൂളിലെ പരീക്ഷ മാറ്റിവെക്കുന്നതിനു വേണ്ടിയായിരുന്നു ഭീഷണി സന്ദേശം അയച്ചത് എന്നാണ് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ .
അന്വേഷത്തിൽ കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾ ഒരു എൻ.ജി.ഒ.യുടെ ഭാഗമായുള്ള സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ.ജി.ഒ.യാണ് ഇത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞത്. കൂടുതൽ അന്വേഷണം നടത്തിവരികയാണ് എന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post