മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം റെയ്ഞ്ച് ആസ്ഥാനമന്ദിരത്തിന് പിന്നിൽ ഒരു വാശി കഥയുണ്ട്….വെറും ഇരുപത്തിയായ്യിരം രൂപ അടയ്ക്കാനുള്ള നോട്ടീസിന് മറുപടിയായി കോടികൾ വിലമതിക്കുന്ന ഭൂമി സർക്കാരിന് വെറുതെ എറിഞ്ഞു കൊടുത്ത ഒരു വാശി കഥ. ഈ കഥയിലെ നായകനാണ് ഡോ. കോശി വി ജോൺ .
നീണ്ട 43 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ എറണാകുളം റേഞ്ചിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചിരിക്കുന്നത് തേവരയിൽ കണ്ണായ സ്ഥലത്ത് കോടിക്കണക്കിന് രൂപ വിലവരുന്ന പൊന്നുംഭൂമിയിലാണ് ഈ ബഹുനിലകെട്ടിടം ഉയർന്നിരിക്കുന്നത്. എനിക്കാ ഭൂമി വേണ്ട സർക്കാരിനെടുക്കാം എന്ന് പറഞ്ഞ് ഒരുപത്തനംതിട്ടക്കാരൻ ഡോക്ടർ തീറെഴുതിക്കൊടുത്ത സ്ഥലം. ചില്ലറവാശിയൊന്നുമല്ല ഈ കോടികളുടെ മുതൽ സർക്കാരിലേക്ക് വന്ന് ചേർന്നതിന് പിന്നിൽ.
കോട്ടയം മെഡിക്കൽ കോളേജിലെ ഇഎൻടി ഡോക്ടറായിരുന്നു കോശി.വി.ജോൺ അമേരിക്കയിലേക്ക് പിന്നീട് ചേക്കേറിയ അദ്ദേഹം തേവര മട്ടമ്മൽ ജംഗ്ഷന് സമീപം സുധർമ്മ റോഡിൽ പത്ത് സെന്റോളം സ്ഥലം വാങ്ങിയതാണ് എല്ലാത്തിനും തുടക്കമിട്ടത്. സ്ഥലം വാങ്ങിയപ്പോൾ ആധാരത്തിൽ വിലകുറച്ചു കാണിച്ചത് കണ്ടെത്തിയ ഏളംകുളം വില്ലേജ് ഓഫീസ് കോശിക്കൊരു അണ്ടർവാല്യുവേഷൻ നോട്ടീസയച്ചു. പിഴത്തുകയായി 25,000 രൂപ സർക്കാരിലേക്ക് ഒടുക്കണമെന്നായിരുന്നു നോട്ടീസിലെ നിർദ്ദേശം. എന്നാൽ വിവാഹബന്ധമൊക്കെ വേർപ്പെടുത്തി, തീർത്തും ഒറ്റയാനായി ജീവിച്ചിരുന്ന കോശി നോട്ടീസിലെ നിർദ്ദേശമൊന്നും ഗൗനിച്ചില്ല. സർക്കാർ നടപടി കൂസാതെ അദ്ദേഹം തന്റെ റിട്ടയർമന്റ് ജീവിതത്തിൽ മുഴങ്ങി. എന്നാൽ അധികം വൈകാതെ റവന്യൂ റിക്കവറിയിലേക്ക് സർക്കാർ നീങ്ങി. പിഴയടച്ച് സംഗതി ഒതുക്കുന്നതാണ് നല്ലതെന്ന് പലരും ഉപദേശിച്ചെങ്കിലും വരുന്നത് വരുന്നയിടത്ത് വച്ച് തന്നെ കാണാം എന്ന മട്ടിൽ നിന്നു. പണമടച്ചാൽ സകലപ്രശ്നങ്ങളും തീരുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ വരെ ചൂണ്ടിക്കാട്ടിയിട്ടും കോശി വഴങ്ങിയില്ല. ഒടുക്കം അന്നത്തെ എറണാകുളം കളക്ടറായിരുന്ന എം.പി.എം. മുഹമ്മദ് ഹനീഷിനോട് കോശി പറഞ്ഞു: ‘എനിക്കാ ഭൂമി വേണ്ട…സർക്കാരിനെടുക്കാം. സിനിമയിലാണെങ്കിൽ ഒരു മാസ് സീനിനുള്ള വക. അങ്ങനെ, 2006-ൽ അതിലെ എല്ലാ അവകാശാധികാരങ്ങളും വിട്ടൊഴിഞ്ഞുകൊടുക്കുകയും ചെയ്തു.
ഈ സമയത്ത് സ്പെഷ്യൽ ബ്രാഞ്ചാകട്ടെ റെയ്ഞ്ച് ആസ്ഥാനം കെട്ടിപ്പൊക്കാനായി ഒരു ഭൂമി തിരയുകയായിരുന്നു. 1982 മുതൽ വാടക കെട്ടിടത്തിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ചിന് സർക്കാർ കെട്ടിടം പണിയാൻ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.അന്നത്തെ സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. എബ്രഹാം മാത്യു, ഭൂമി കണ്ടെത്താനുള്ള ജോലി ഡിവൈ.എസ്.പി ജോയ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഏൽപ്പിച്ചു. അതിലെ അംഗമായിരുന്ന എ.എസ്.ഐ. ബാബുലൻ മണിയാണ് തേവരയിലെ ഭൂമിയെക്കുറിച്ച് ഉന്നതോദ്യോഗസ്ഥരോട് സൂചിപ്പിച്ചത്. കയ്യേറ്റത്തിന്റെ വക്കിലായിരുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയിൽ അങ്ങനെ സ്പെഷ്യൽ ബ്രാഞ്ച് കണ്ണുവച്ചു.
അന്ന് എളംകുളം വില്ലേജ് ഓഫീസറും ഇപ്പോൾ എറണാകുളം ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം ഡപ്യൂട്ടി കളക്ടറുമായ കെ. മനോജാണ് റവന്യു റിക്കവറി നോട്ടീസ് മുതൽ കോശിയുടെ ഭൂമി സർക്കാരിന്റേതായി മാറിയതുവരെയുള്ള എല്ലാ നടപടികൾക്കും നേതൃത്വം നൽകിയത്. പോലീസിൽ നിന്ന് ഭൂമിക്കായി അന്വേഷണം വന്നപ്പോൾ കൈയേറ്റം ഒഴിവാകുമല്ലോ എന്നുകരുതി മനോജ് തന്നെ അത് കൈമാറാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി. വിൽപത്രത്തിൽ എസ്.എസ്ബി ഓഫീസ് മാത്രമേ നിർമ്മിക്കാവൂ എന്ന് കോശി എഴുതിവച്ചതായും ഒരു കഥയുണ്ട്. അങ്ങനെ 2013-ൽ സർക്കാർ സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തിനായി ഭൂമി അനുവദിച്ചു.ഇതിനിടെ ഡോ. കോശി ഈ ലോകത്തോട് വിടപറയുകയും ചെയ്തു. 2019 ൽ ആരംഭിച്ച കെട്ടിടം പണി ദാ പൂർത്തിയായി ഉദ്ഘാടനവും കഴിഞ്ഞിരിക്കുന്നു.
ഏകദേശം 3.27 കോടി രൂപയ്ക്കാണ് പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തിൽ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ ഓഫീസും, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊച്ചി സിറ്റി, എറണാകുളം റൂറൽ പൊലീസ് ജില്ലകളുടെ അധികാര പരിധിയിലുള്ള എസ്എസ്ബി എറണാകുളം റേഞ്ച് എസ്പി ഓഫീസും ഉൾപ്പെടുന്നു.
Discussion about this post