ഡല്‍ഹി: ആണവദാതാക്കളുടെ സംഘത്തില്‍ അംഗത്വം നേടുന്നതിനു വിലങ്ങു തടിയായി നില്ക്കുന്ന ചൈനയുടെ പിന്തുണ തേടാന്‍ ഇന്ത്യന്‍ വിദേശകാര്യപ്രതിനിധി ചൈനയിലേക്ക് രഹസ്യസന്ദര്‍ശനം നടത്തി. ചൈനിസ് സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായിരുന്നു വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഈ ആഴ്ച അവിടെ രഹസ്യ സന്ദര്‍ശനം നടത്തിയത്.
ദക്ഷിണ കൊറിയയില്‍ ഈ മാസം 24-ന് നടക്കുന്ന 48 അംഗങ്ങളുള്ള ആണവ ദാതാക്കളുടെ പ്ലീനറി യോഗത്തിനു മുന്നോടിയായി ചൈനയുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു സന്ദര്‍ശനലക്ഷ്യമെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെയും ബീജിംഗിലെയും ഇരു ഭരണകൂടങ്ങളുമായും ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചുണ്ടെങ്കിലും ഇതേക്കുറിച്ചു കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
തഷ്ക്കന്റില്‍ നടക്കുന്ന ഷങ്ഘായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് നേതാക്കളുടെ സമ്മേളനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനിസ് പ്രസിഡന്റ് സീ ജിംഗ് പിംഗും ജൂണ്‍ 23ന് ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുന്നോടിയായാണ് ജയശങ്കര്‍ രഹസ്യമായി ചൈനയിലെത്തി വിദേശകാര്യമന്ത്രി വാംഗ് യിയെ കണ്ടത്.
Discussion about this post