കാൻബാറ :അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസ ഫീസ് വർദ്ധിപ്പിച്ച് ഓസ്‌ട്രേലിയ . കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇന്ന് മുതൽ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറിൽ നിന്ന് 1,600 ആയി ഉയർത്തി.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസ ഫീസ് വർദ്ധിപ്പിച്ചത് അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനോടൊപ്പം മികച്ച മൈഗ്രഷൻ സംവിധാനം സൃഷ്ടിക്കാൻ വേണ്ടിയാണ് എന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ പറഞ്ഞു.
കഴിഞ്ഞ വർഷം മുതൽ സ്റ്റുഡന്റ് വിസ കർശനമാക്കുന്നതിന്റെ നടപടികൾ ആരംഭിച്ചിരുന്നു. കൂടാതെ മാർച്ചിൽ വിസ ലഭിക്കുന്നതിനായി ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുകയും ചെയ്തിരുന്നു.
ഈ മേഖലയിൽ സർക്കാരിന്റെ നയപരമായ സമ്മർദ്ദം തുടരുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യസ്ഥ അപകടത്തിലാക്കുമെന്ന് യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയ സിഇഒ ലൂക്ക് ഷീഹി പറഞ്ഞു. സമ്പദ്‌വ്യവസ്ഥ അന്തർദ്ദേശീയ വിദ്യാർത്ഥി ഫീസിനെ വളരെയധികം ആശ്രയിക്കുന്നു എന്നും ലൂക്ക് ഷീഹി കൂട്ടിച്ചേർത്തു.












