കൊച്ചി:തന്റേത് എന്ന പേരില്‍ വാട്സ് അപ്പില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചവരോട് ശക്തമായി പ്രതികരിച്ച് നടി രചന നാരായണന് കുട്ടി. ഫേസ് ബുക്കിലൂടെയാണ് രചനയുടെ പ്രതികരണം.
രചനയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.
ആടിനെ പട്ടി ആക്കിയ കഥ!!!
ആടിനെ പട്ടി ആക്കുന്ന നയം എന്ന് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ: എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ആ അനുഭവം നേരിട്ടുണ്ടായി.
ചില സുഹൃത്തുക്കള്‍ വാട്സപ്പ് വഴി അയച്ചു തന്ന ഒരു ചിത്രമാണ് ഈ പോസ്റ്റിന് ആധാരം. വെറുമൊരു ചിത്രമല്ല അത് മറിച്ച് ഒരു അശ്ലീല ചിത്രം! ചിത്രത്തിന്റെ ഒരു പകുതിയില്‍ എന്റേതും മറു പകുതിയില്‍ ഞാന്‍ എന്നു തോന്നിക്കുന്ന (ഒരു പ്രത്യേക ആംഗിളില്‍ മാത്രം) മറ്റൊരു പെണ്കുട്ടിയുടേതുമായ അശ്ലീല ചിത്രവും.
സത്യം പറഞ്ഞാല്‍ ആ ചിത്രം കണ്ടിട്ട് എനിക്ക് *അയ്യോ* എന്ന് നിലവിളിക്കാനൊന്നും തോന്നിയില്ല!
പിന്നീട്, *ധൈര്യമായിരിക്കൂ,സാരമില്ല,സൂക്ഷിക്കണം* എന്നൊക്കെ പറഞ്ഞ് എനിക്ക് വന്ന സന്ദേശങ്ങള്‍ ആണ് ഞാന്‍ കണ്ടത്. ആ സ്നേഹത്തിന് ഒരുപാടു നന്ദി.
പക്ഷെ…ഈ സമൂഹത്തിനോടൊരു ചോദ്യം എന്താണ് ഞാന്‍ സൂക്ഷിക്കേണ്ടത്?? എന്തിനെ ആണ് ഞാന്‍ സാരമില്ല എന്നു കരുതേണ്ടത്???
ഒരുപാട് അശ്ലീല ചിത്രങ്ങളുടേയും വിഡിയോകളുടേയും ഭാരത്താല്‍ മുങ്ങി കിടക്കുന്ന ഇന്റര്‍നെറ്റ് എന്ന വലയില്‍ നിന്നും എന്നെ പോലെ തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച് അത് ഞാനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ആ ………………….ന്റെ (നിങ്ങള്‍ക്കു പൂരിപ്പിക്കാം) കാഞ്ഞ ബുദ്ധിയെ ആണോ ഞാന്‍ സൂക്ഷിക്കേണ്ടത്? അതോ, *എന്തിനിത് ചെയ്തു* എന്ന ചോദ്യത്തിന് *വെറുതെ ഒരു തമാശക്ക്* എന്ന് ഉത്തരം തന്നേക്കാവുന്ന ആ *മഹാനുഭാവന്റെ* കാമോത്സാഹത്തെയാണോ ഞാന്‍ സാരമില്ല എന്നു കരുതേണ്ടത്???
ഒപ്പം ഒരു ചോദ്യം കൂടി അല്ലയോ *മഹാമനസ്ക്കാ* അങ്ങയോടും അങ്ങയുടെ വീട്ടില്‍ ഉള്ളവരോടും ഞാന്‍ ചെയ്ത അപരാതം എന്താണ്!!?
ലജ്ജ തോന്നുന്നു എനിക്ക് നിങ്ങളുടെ ഈ അധഃപതിച്ച സംസ്ക്കാരത്തോട്!
അതിശയമില്ല….!കാരണം..വീട്ടില്‍ ഉള്ള സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ നാട്ടില്‍ ഉള്ളവരെ എങ്ങനെ ബഹുമാനിക്കും!
ഞാനെന്ന ഒരു പെണ്‍കുട്ടിയുടെ മാത്രം പ്രശ്നമായി ഇതു കാണാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീ സമൂഹത്തിനു വേണ്ടി പ്രതികരിച്ചു പോകുന്നു;ചോദിച്ചു പോകുന്നു : *ഇനിയെങ്കിലും നന്നായിക്കൂടെ!!!*
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം (അത് കിട്ടേണ്ടതാണെന്നും, അയ്യോ കഷ്ടം എന്നും പറയുന്നവര്‍ ഉണ്ടാകുമല്ലോ) എന്ന വ്യക്തമായ ധാരണയോടെ തന്നെ ആണ് ഇതിവിടെ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ, ഈ ആടിനെ പട്ടിയാക്കി മാറ്റിയ കളി കണ്ടവരോടും, കേട്ടവരോടും,പറഞ്ഞു പരത്തി പ്രാത്സാഹിപ്പിച്ചവരോടും കൂടി ഒന്നേ പറയാനുള്ളൂ *എന്നെ,അറിയുന്നവര്‍ക്കു അറിയാം… അല്ലാത്തവര്‍ക്കു ചൊറിയാം (ഇതുപോലെ)!*
സ്നേഹത്തോടെ
രചന
Discussion about this post