ഹിറ്റ് സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം. അഞ്ച് വർഷത്തിന് ശേഷമുള്ള സ്റ്റീഫൻ നെടുമ്പള്ളി എങ്ങനെയെന്ന ആകാംഷയിലാണ് പ്രേക്ഷകർ. സിനിമയുടെ ക്യാരക്റ്റർ റിവീലുകൾ ഓരോന്നായി അണിയറ പ്രവർത്തകർ പുറത്ത് വിടുന്നുണ്ട്.
ലൂസിഫറിൽ ഇല്ലാത്ത നിരവധി താരങ്ങൾ എംപുരാനിൽ അണിനിരക്കുന്നുണ്ട്. അതിലൊരാളാണ് സുരാജ് വെഞ്ഞാറുമ്മൂട്. ക്യാരക്റ്റർ റിവീൽ വീഡിയോയിൽ സുരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ലൂസിഫർ സിനിമയിൽ ആരും ശ്രദ്ധിക്കാത്ത ഒരു മിസ്‌റ്റേക്ക് താൻ കണ്ടെത്തിയെന്ന് പറയുകയാണ് സുരാജ്. താനതിനെ പറ്റി പൃഥ്വിരാജിനോടു പറഞ്ഞിരുന്നതായും അദ്ദേഹം ഇപ്പോൾ ആ തെറ്റ് തിരുത്തിയിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
‘ഞാനും രാജുവും കൂടി അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ലൂസിഫർ ഞാൻ കണ്ടു, സിനിമ എനിക്ക് ഇഷ്ടമായി എന്ന് ഞാൻ രാജുവിനോട് പറഞ്ഞു. എന്നാൽ, അതിൽ ആരും കണ്ടു പിടിക്കാത്ത ഒരു മിസ്‌റ്റേക്ക് ഞാൻ കണ്ടുപിടിച്ചുവെന്ന് ഞാൻ പറഞ്ഞു. രാജു അത് ശ്രദ്ധിച്ചിട്ടുണ്ടോ എന്നും ഞാൻ ചോദിച്ചു. പൃഥ്വിരാജിന് വലിയ ആകാംക്ഷയായി. അങ്ങനൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല, എന്താണ് ആ മിസ്റ്റേക്ക് എന്ന് രാജു ചോദിച്ചു. ലൂസിഫർ എന്ന പടത്തിൽ ഞാൻ ഇല്ല എന്നുള്ളത് വലിയ കുറവായിരുന്നു അതെനിക്ക് വല്ലാതെ തോന്നി എന്ന് പറഞ്ഞു. പുള്ളി പെട്ടെന്നങ്ങ് പൊട്ടിച്ചിരിച്ചു. അതായിരുന്നല്ലേ? എനിക്കത് മനസിലായിരുന്നില്ല.. സാരമില്ല എന്ന് രാജു പറഞ്ഞു. എംപുരാനിൽ ആ കുറവ് നികത്തിയേക്കണം. കാരണം, എന്റെ പ്രശ്‌നമല്ല, ആരാധകർ ചിലപ്പോൾ പ്രശ്‌നമുണ്ടാക്കും എന്ന് ഞാൻ പറഞ്ഞു. എല്ലാം ഞാനേറ്റു എന്ന് അന്ന് രാജു പറഞ്ഞു. കുറച്ചു നാളുകൾക്ക് ശേഷം ആ കുറവ് ഞാൻ നികത്തുകയാണ് എന്ന് പറഞ്ഞ് രാജു എന്നെ വിളിച്ചു. അങ്ങനെ ആ കുറവ് രാജു അങ്ങ് നികത്തി’- സുരാജ് പറഞ്ഞു നിർത്തി.
എംപുരാനിൽ സജനചന്ദ്രൻ എന്ന രാഷ്ട്രീയ നേതാവായി ആണ് സുരാജ് വെഞ്ഞാറമ്മൂട് എത്തുന്നത്. കേരള രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന ഒരു നേതാവിന്റെ റോൾ ആണ് തനിക്കെന്നും സുരാജ് വ്യക്തമാക്കുന്നുണ്ട്.
Discussion about this post