ചെന്നൈ: പ്രമുഖ തമിഴ് സംവിധായകൻ ഷങ്കറിനെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. അദ്ദേഹത്തിന്റെ 10.11 കോടിരൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പകർപ്പവകാശ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. 1996ൽ തമിഴ് മാസിക ജിഗൂബയിൽ പ്രസിദ്ധീകരിച്ച കഥ അനുമതിയില്ലാതെ സിനിമയാക്കിയെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരൻ അരൂർ തമിഴ്‌നാടൻ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.
നിർമ്മാതാവ് കൂടിയായ ഷങ്കറിന്റെ ഉടമസ്ഥതയിലുള്ള മൂന്നു വസ്തുവകകളാണ് കണ്ടുകെട്ടിയത്. തിങ്കളാഴ്ചയായിരുന്നു നടപടി.ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കായി ഷങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി. അറിയിച്ചു. പരാതിക്കാരൻ എഴുതിയ ജുഗിബ എന്ന കഥയ്ക്ക് എന്തിരന്റെ കഥയുമായി സാമ്യമുള്ളതായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അന്വേഷണത്തിൽ വ്യക്തമായി.1957ലെ പകർപ്പവകാശ നിയമത്തിന്റെ 63ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ശങ്കർ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇത് പി.എം.എൽ.എ. പ്രകാരം ഷെഡ്യൂൾഡ് ഒഫൻസിന് കീഴിൽ വരുന്നതാണ്. ഇതേത്തുടർന്നാണ് ഇ.ഡിയുടെ നടപടി.
Discussion about this post