തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കാല്‍നൂറ്റാണ്ടിലേറെയായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാല എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് മുന്‍കൈ എടുത്ത് പൂട്ടിച്ചു. ‘സങ്കേതം’ പൂട്ടാന്‍ കാരണം ഒരു മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് ആണ് കാരണമായത്. ലൈസന്‍സ് ഇല്ലാതെ ക്ലബ്ബുകളില്‍ മദ്യവില്പനയോ മദ്യപാനമോ അനുവദിക്കില്ലെന്ന ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശം എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രസ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനെയും വിവരം അറിയിച്ചു. പിന്നാലെയാണ് ‘സങ്കേതം’ എന്നറിയപ്പെട്ടിരുന്ന പത്രപ്രവര്‍ത്തകരുടെ അനധികൃത ബാറിന് പൂട്ട് വീണത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം എക്സൈസ് കമ്മീഷണറായി ചാര്‍ജെടുത്ത ഋഷിരാജ്സിംഗ് പ്രസ് ക്ലബ്ബിനു സമീപത്തെ രണ്ടു കഌുകളില്‍ പരിശോധന നടത്തിയിട്ടും പ്രസ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞത് വലിയ തോതില്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. മാധ്യമങ്ങളില്‍ ഇക്കാര്യം വാര്‍ത്ത ആയില്ലെങ്കിലും പ്രസ് ക്ലബ്ബിലെ ബാറിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ രണ്ടഭിപ്രായമായിരുന്നു. തുടര്‍ന്ന് ഏഷ്യാനെറ്റ് ചാനല്‍ അവതാരകന് വിനു വി ജോണ്‍ ഇക്കാര്യം ട്വിറ്ററില്‍ എഴുതിയതാണ് ബാര്‍ അടച്ചു പൂട്ടാന്‍ കാരണമായത്. ഷെയിം ഓണ്‍ യു സിങ്കം, നിങ്ങള്‍ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വില്പന നിര്‍ത്താന്‍ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തു വന്നു.
ഈ സാഹചര്യത്തിലാണ് എക്സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് ബാര്‍ ലൈസന്‍സ് ഇല്ലാതെയാണ് മദ്യപാനമെങ്കില്‍ നിയമപരമായ നടപടി എടുക്കാം എന്നാണ് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചത്. പിന്നാലെ ട്വിറ്ററില്‍ നിന്നും വിനു വി ജോണിന്റെ ട്വീറ്റും അപ്രത്യക്ഷമായി. ബാറിന്റെ പ്രവര്‍ത്തനസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുന്‍ കാലങ്ങളില്‍ പാതിരാത്രി കഴിഞ്ഞും പ്രവര്‍ത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തെ മദ്യപരായ പത്രപ്രവര്‍ത്തകരുടെ സ്ഥിരം കേന്ദ്രവുമായിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന് സമീപം അനധികൃത ബാര്‍ പ്രവര്‍ത്തിക്കുന്ന കാര്യം നേരത്തെ മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.തുടര്‍ന്ന് കുറച്ചുനാള്‍ അടച്ചെങ്കിലും പിന്നീട് ബാര്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ രണ്ടു വര്‍ഷം മുന്‍പ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളോട് കിട പിടിക്കുന്ന രീതിയില്‍ പുതുക്കി നിര്‍മ്മിച്ചിരുന്നു.
പ്രസ് ക്ലബ്ബ് ബാറിനെതിരെ മുന്‍പ് എക്സൈസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്ത ചാനല്‍ ലേഖികയെ സമ്മര്‍ദം ചെലുത്തി പരാതി പിന്‍വലിപ്പിച്ചിരുന്നു. ഇടത്-വലത് സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ആരും തൊടാന്‍ മടിക്കാതിരുന്ന സ്ഥാപനമാണ് ഇപ്പോള്‍ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യ വര്‍ജന നയത്തിന്റെ ഭാഗമായാണ് അനധികൃത ബാറുകള്‍ അടപ്പിക്കുന്നതെന്നാണ് ഇതേപ്പറ്റി സര്‍ക്കാരിനോട് അടുത്ത കേന്ദ്രങ്ങള്‍ നല്കുന്ന വിശദീകരണം.
Discussion about this post