മനില: ഫിലിപ്പീന്‍സില്‍ ആഗോള ഭീകര സംഘടനയായ ഐഎസിനെ അനുകൂലിക്കുന്ന മുസ്ലീം തീവ്രവാദ സംഘടന ജയില്‍ ആക്രമിച്ച് തങ്ങളുടെ എട്ട് അനുയായികളെ മോചിപ്പിച്ചു. ആക്രമണത്തിനിടെ മറ്റ് 15 തടവുകാരും ജയിലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഏതാണ്ട് ഇരുപതോളം വരുന്ന ആയുധധാരികളായ മൗതെ വിഭാഗം തീവ്രവാദികളാണ് ശനിയാഴ്ച രാത്രിയോടെ വെടിവയ്പും സ്ഫോടനവും നടത്തി ജയിലിലേക്ക് ഇരച്ചു കയറിയത്. ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ശേഷമായിരുന്നു തടവുകാരെ മോചിപ്പിച്ചത്. ഗാര്‍ഡുമാരുടെ കൈയിലുണ്ടായിരുന്ന റൈഫിളുകളും തീവ്രവാദികള്‍ തട്ടിയെടുത്തു.
അതേസമയം, എട്ടു തീവ്രവാദികളെ പിന്നീട് സൈനിക ട്രൂപ്പുകള്‍ അറസ്റ്റു ചെയ്തതായി പൊലീസ് ഞായറാഴ്ച വ്യക്തമാക്കി. മോര്‍ട്ടാര്‍ ഷെല്ലുകളുമായി വാനില്‍ പോവുന്നതിനിടെ ലനാവോ ഡെല്‍ സര് ലുംബയനാഗില് വച്ച് സൈനികരുടെ പിടിയിലാവുകയായിരുന്നു.
കടുത്ത ഇസ്ലാംചിന്ത വച്ചു പുലര്‍ത്തുന്ന വിഭാഗമാണ് മൗതെ ഗ്രൂപ്പുകള്‍. അടുത്തിടെയാണ് ഇവര്‍ ഐസിസിന് പിന്തുണ പ്രഖ്യാപിച്ചത്.
Discussion about this post