കൊച്ചി: മംഗലാപുരം എക്സ്പ്രസ് കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം ഭാഗത്തേയ്ക്കും തൃശ്ശൂര്‍ ഭാഗത്തേയ്ക്കുമുള്ള തീവണ്ടികള്‍ ഓടിത്തുടങ്ങി. പാളം തെറ്റിയ ബോഗികള്‍ നീക്കുന്ന ജോലികള്‍ രാത്രി രണ്ട് മണിയോടെ പൂര്‍ത്തിയായി. കൊച്ചിബിലാസ്പുര് എക്സ്പ്രസ് ട്രയിനാണ് ഇതുവഴി ആദ്യം കടത്തിവിട്ടത്.
തിങ്കളാഴ്ചത്തെ തീവണ്ടി സമയങ്ങളില്‍ മാറ്റങ്ങളുണ്ട്. തീവണ്ടികള്‍ റദ്ദാക്കുകയോ സമയക്രമം മാറുകയോ ചെയ്തിട്ടുണ്ട്. പല ട്രയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. രാത്രിയോടെ മാത്രമേ സമയക്രമം പാലിച്ച് തീവണ്ടികള്‍ ഓടിത്തുടങ്ങൂ എന്നാണ് റയില്‍വേ നല്കുന്ന സൂചന.
ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി, എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്. പല ട്രയിനുകളും അഞ്ച് മുതല്‍ 10 വരെ മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.
രാവിലെ 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം കോര്‍ബ എക്സ്പ്രസ് വൈകുന്നേരം 4.30ന് മാത്രമേ പുറപ്പെടൂ. രാവിലെ 7.55ന് തിരുനെല്‍വേലിയില്‍നിന്ന് പുറപ്പെടേണ്ട തിരുനെല്‍വേലി-ഹാപ്പ എക്സപ്രസ് 11 മണിക്ക് പുറപ്പെടും. രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി ചണ്ഡീഗഡ് എക്സ്പ്രസ് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടും. ആലപ്പുഴ ധന്‍ബാദ് ടാറ്റാനഗര്‍ എക്പ്രസ് രാത്രി 10 മണിക്ക് പുറപ്പെടും. തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടും.
രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-ആലപ്പുഴ എക്സപ്രസ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ഷൊര്‍ണൂരില്‍നിന്ന് കണ്ണൂരിലേയ്ക്ക് സര്‍വ്വീസ് നടത്തും.
Discussion about this post