പാരീസ് : ഫ്രാൻസിൽ തുർക്കി സ്വദേശികളുടെ വിവാഹാഘോഷ ചടങ്ങിനിടയിൽ വെടിവെപ്പ്. വിവാഹ ചടങ്ങിനിടയിലേക്ക് മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ ഒരാൾ മരിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു ഗർഭിണി അടക്കം അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ജർമ്മൻ, ലക്സംബർഗ് അതിർത്തിക്കടുത്തുള്ള ലോറെയ്ൻ മേഖലയിലെ തിയോൺവില്ലെ പട്ടണത്തിലെ ഒരു ഓഡിറ്റോറിയത്തിൽ ആണ് വെടിവെപ്പ് ഉണ്ടായത്. തുർക്കി സ്വദേശികളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നൂറോളം പേരായിരുന്നു ഈ സമയം ഈ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നത്. മുഖമുടി തിരിച്ചെത്തിയ മൂന്നംഗ സംഘം രണ്ടു തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.
വിവാഹ ചടങ്ങുകൾ നടന്നിരുന്ന ഓഡിറ്റോറിയത്തിന്റെ പ്രവേശന കവാടത്തിനു മുൻപിൽ വെച്ചാണ് ആക്രമികൾ വെടിവെപ്പ് നടത്തിയത്. കവാടത്തിനു മുൻപിൽ ആയി ഉണ്ടായിരുന്നവർക്കാണ് വെടിയേറ്റിട്ടുള്ളത്. തുടരെ വെടിവെപ്പ് നടത്തിയ ശേഷം ആക്രമികൾ ഉടൻതന്നെ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വെടിവയ്പ്പിനുള്ള കാരണം അജ്ഞാതമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. സംഘം ചേർന്നുള്ള കൊലപാതകം, കൂട്ടക്കൊല ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.








