മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്’ 100 കോടി ക്ലബ്ബിലെത്തിച്ചെന്ന് വില്ലനായെത്തിയ തെലുങ്ക് താരം ജഗപതിബാബു. ഫേസ്ബുക്ക് പേജിലാണ് ജഗപതി ബാബു ഇക്കാര്യം അറിയിച്ചത്.
എന്നാല്‍, നിലവില്‍ 100 കോടി ഗ്രോസ് നേടിയിട്ടില്ലെന്നാണ് സംവിധായകന്റെ പ്രതികരണം. ആകാംക്ഷ മൂലമായിരിക്കാം ജഗപതി അങ്ങനെ പറഞ്ഞതെന്ന് ചിത്രത്തിന്റെ സംവിധായകന് പറയുന്നു. ചിത്രം നൂറ് കോടി ഗ്രോസ് നേടിയാല്‍ ഔദ്യോഗികമായി പുറത്ത് വിടുമെന്ന് ടോമിച്ചന് പറഞ്ഞു. 14 ദിവസം കൊണ്ട് പുലിമുരുകന് 60 കോടി പിന്നിട്ടു. ഇതിന് ശേഷം ഔദ്യോഗികമായി ഗ്രോസ് കളക്ഷന്‍ പുറത്തുവന്നിട്ടില്ല. 35 ദിവസമെത്തുമ്പോള്‍ സിനിമ 100 കോടി പിന്നിടുമെന്നാണ് തീയറ്ററുടമകളുടെ വിലയിരുത്തല്‍. നിലവില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ കളക്ഷന്‍, ഏറ്റവും വേഗത്തില്‍ 30 കോടി, അതിവേഗം അമ്പത് കോടി എന്നീ റെക്കോര്‍ഡുകള്‍ പുലിമുരുകന്റെ പേരിലാണ്.
ഒക്ടോബര്‍ 7ന് 325 തീയറ്ററുകളിലാണ് പുലിമുരുകന് റിലീസ് ചെയ്തത്. കൊച്ചി, തിരുവനന്തപുരം മള്‍ട്ടിപ്ലക്സുകളില്‍ ബാഹുബലിയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് പുലിമുരുകന്റെ മുന്നേറ്റം.
പുലിമുരുകന് മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമാകുമെന്നാണ് ചലച്ചിത്ര ലോകം പറയുന്നത്. ബ്രിട്ടനിലും യൂറോപ്പിലും ഉള്‍പ്പെടെ റിലീസ് ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബിലെത്തിയോ എന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
[fb_pe url=”https://www.facebook.com/IamJagguBhai/posts/1321135734617915:0″ bottom=”30″]
Discussion about this post