കണ്ണൂര്‍: സി.പി.എം നേതൃത്വത്തിലുളള ക്ഷേത്ര കമ്മറ്റിയുടെ അയിത്താചരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ അഴീക്കല്‍ പാമ്പാടിയാലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധമെഴുന്നളളത്തിന്റെ ഭാഗമായി ദളിത് വിഭാഗങ്ങളോട് കാട്ടുന്ന അയിത്താചരണം തുടരുന്നതിനെതിരെ ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റ് പടിക്കല്‍ നിരഹാര സത്യാഗ്രഹം നടക്കുകയാണ്.
പാമ്പാടിയാലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുളള തിരുവായുധമെഴുന്നളളത്തില് നിന്ന് പ്രദേശത്തെ ദളിത് വീടുകളെ മാത്രം ഒഴിവാക്കുന്നുവെന്നാണ് ആരോപണം. മുന്‍ വര്‍ഷങ്ങളിലും ഈ വിവേചനം വിവാദമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ദളിത് സംഘടനകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് വളപട്ടണം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അയിത്താചരണം നിര്‍ത്തിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് കഴിഞ്ഞ വര്‍ഷവും അയിത്താചരണം തുടര്‍ന്നിരുന്നു.
അടുത്ത ദിവസം ആരംഭിക്കുന്ന ഈ വര്‍ഷത്തെ തിരുവായുധമെഴുന്നളളത്തിലും ദളിത് വീടുകളെ ഒഴിവാക്കുമെന്ന നിലപാടിലാണ് ക്ഷേത്ര ഭാരവാഹികള്‍ എന്നാണ് സമരക്കാര്‍ പറയുന്നത്.
പാമ്പാടിയാലിന്‍കീഴില്‍ ക്ഷേത്രത്തിന്റെ ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും സി.പി.എമ്മുകാരാണ്.
ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാറാണ് കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നിരാഹാരസത്യാഗ്രഹം നടത്തുന്നത്.
പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
Discussion about this post