ഒരു രോഗം വരുമ്പോഴേക്കും വേവലാതിയാണല്ലേ… പൊടിക്കെകൾ നോക്കുന്നു ,മരുന്ന് വാങ്ങുന്നു…അതിലൊന്നും പരിഹാരമില്ലെന്ന് ഏറെക്കുറെ ഉറപ്പായാൽ നമ്മൾ ഓടും ആശുപത്രിയിലേക്ക്,അവിടെയാണ് നമ്മുടെ ജീവനുകളുടെ കാവൽമാലാഖമാരായ നഴ്‌സുമാരും ഡോക്ടർമാരും ഉള്ളത്. ചെറിയ തലവേദനയോ തല തുറന്നുള്ള ശസ്ത്രക്രിയയോ ആകട്ടെ ഇന്ന് പരിഹാരം ഒരുപരിധി വരെ ഉണ്ട്. രോഗികളെ കിടത്തിചികിത്സിക്കാൻ മനുഷ്യന് ഹോസ്പിറ്റലുകളും ഡോക്ടർമാരും ഉണ്ട്.എന്നാൽ മറ്റുജീവികളുടെ കാര്യം എങ്ങനെയാണ്? അവരും നിലനിൽപ്പിനായി സഹജീവിക്കായി തങ്ങളെ കൊണ്ടാവുന്നത് ചെയ്യുന്നു.
ഇക്കൂട്ടത്തിൽ ഇത്തിരി കുഞ്ഞൻമാരായ ഉറുമ്പുകളുടെ കാര്യം അൽപ്പം കൗതുകരമാണ്. ജീവികളിലെ ഡോക്ടർമാരാണ് ഉറുമ്പുകൾ. കൂട്ടത്തിൽ ഒരു ഉറുമ്പിന് പരിക്കുപറ്റിയാൽ വഴിയിൽ ഉപേക്ഷിച്ചുപോകാൻ മാത്രം കണ്ണിൽചോര ഇല്ലാത്തവരല്ല ഉറുമ്പുകൾ. കൂട്ടത്തിലൊരുത്തന് പരിക്കുപറ്റിയാൽ അവർ സ്വയം പരിചാരകൻമാരാകും, ഡോക്ടർമാരാകും ശസ്ത്രക്രിയ വിദഗ്ധർ വരെയാകും. എന്തിനേറെ പരിക്കേറ്റവനെ ചുമലിലേറ്റി കൂട്ടിൽ അഡ്മിറ്റാക്കി ചികിത്സിക്കും. വേണമെങ്കിൽ കാൽ മുറിക്കൽ ശസ്ത്രക്രിയ അഥവാ ആംബ്യൂട്ടേഷൻ സർജറി വരെ ചെയ്യും. ഫ്‌ലോറിഡ കാർപെന്റർ എന്ന ഇനം ഉറുമ്പുകളിലാണ് എംബിബിഎസ് പഠിക്കാതെ ഡോക്ടർമാരായ ഉറുമ്പുകൾ ഉള്ളത്.
ഞെട്ടിയോ? എന്നാൽ കൂടുതൽ ഞെട്ടാൻ തയ്യാറായിക്കോളൂ. ഉറുമ്പുകളിലെ അധ്വാനികൾ പെൺ ഉറുമ്പുകളാണ്. അത്‌കൊണ്ടുതന്നെ ജീവൻരക്ഷിക്കാനുള്ള ചുമതലയും അവർ ഏറ്റെടുത്തു കൊള്ളും. ലേഡി ഡോക്ടർമാർ പരിശ്രമിച്ച് ജീവൻ രക്ഷിക്കുകയും ചെയ്യും.
ജർമ്മനിയിലെ വേട്‌സ്‌ബേഗ് സർവ്വകലാശാലയിലെ പ്രാണീ പഠന വിദഗ്ധനായ എറിക് ഫ്രാങ്കിന്റെതാണ് ഈ നിരീക്ഷണങ്ങളത്രയും. തന്റെ പOനം അദ്ദേഹം കറന്റ് ബയോജളി ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഉറുമ്പുകൾക്ക് പരിക്ക് പറ്റുന്ന സാഹചര്യങ്ങൾ നിരവധിയായതിനാൽ ഉറുമ്പു ഡോക്ടർമാർക്കെന്നും പിടിപ്പട് പണിയാണ്. ഭക്ഷണം തേടുന്നതിനിടെ, അത് സംരക്ഷിക്കുന്നതിനിടെ,കൂട് പണിയുന്നതിനിടെ അങ്ങനെ അങ്ങനെ പരിക്ക് പറ്റാൽ സാഹചര്യങ്ങൾ ഒരുപാടാണല്ലോ. നീളൻ കാലുകൾക്കാണ് അധികവും പരിക്ക് പറ്റാറുള്ളത്. എത്ര ഗുരുതരമായ പരിക്കാണെങ്കിലും അപകടസ്ഥലത്ത് നിന്ന് രോഗിയെ ചുമന്ന് കൂട്ടിലെത്തിക്കും. കാലിന്റെ അഗ്രഭാഗത്താണു മുറിവുപറ്റുന്നതെങ്കിൽ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണു ചികിത്സ. കാലുകളുടെ മേൽപാതിയിൽ (അപ്പർ ലെഗ്) സാരമായ പരുക്കുണ്ടെങ്കിൽ ശസ്ത്രക്രിയയിലേക്കു കടക്കും. കടിച്ചു കടിച്ചാണു കാലുകൾ മുറിച്ചു നീക്കുക. 40 മിനിറ്റു മുതൽ 3 മണിക്കൂർ വരെ നീളുന്നതാണ് ഇവ.ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന ഉറുമ്പുകൾ 95% രക്ഷപ്പെടാറുണ്ടത്രേ. വായിലെ സ്രവം ഉപയോഗിച്ചുള്ള പരിചരണം 75% ഉറുമ്പുകളെ ജീവനിലേക്കു തിരികെ കൊണ്ടുവരുന്നതായും കണ്ടെത്തി. ആന്റിബയോട്ടിക് ആയാണ് ഉറുമ്പ് ഈ തുപ്പൽ ഉപയോഗിക്കുന്നത്. ശസ്ത്രക്രിയവേണോ എന്ന തീരുമാനം ഇവ എങ്ങനെ എടുക്കുന്നുവെന്നതിന് ഉത്തരം കണ്ടെത്താൻ ശാസ്ത്രജ്ഞർക്കായിട്ടില്ല. എന്തായാലും ഈ ഇത്തിരി കുഞ്ഞൻമാരുടെ ശസ്ത്രക്രിയ വൈദഗ്ധ്യം കൂടുതൽ പഠനവിധേയമാക്കാൻ തന്നെയാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.
Discussion about this post