തിരുവനന്തപുരം: മുസ്ലീം ലീഗുകാർ വല്ലാത്ത ആവേശത്തോടെ കോൺഗ്രസിനെ പിന്തുണക്കേണ്ടെന്ന് മുൻമന്ത്രി കെ.ടി ജലീൽ. ആ സ്‌നേഹവും ആവേശവുമൊന്നും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നിങ്ങൾക്ക് കിട്ടിയെന്ന് വരില്ലെന്നും കെ.ടി ജലീൽ ചൂണ്ടിക്കാട്ടി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട എത്ര കോൺഗ്രസ് എംഎൽഎമാരുണ്ടെന്ന് അദ്ദേഹം ചോദിച്ചു.
യുപിയിൽ അഞ്ച് സമാജ് വാദി പാർട്ടി എംഎൽഎമാർ ജയിലിലാണ്. കോൺഗ്രസ് മിണ്ടിയിട്ടില്ല. നിങ്ങൾ ജയിലിൽ പോയാൽ വാദിക്കാൻ ഇടതുപക്ഷമേ കാണൂ. ലീഗ് എംഎൽഎമാർ വലിയ ആവേശം കൊള്ളേണ്ട.പണ്ടൊരു തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം ലീഗിന്റെ സുഹൃത്തുക്കൾ പറഞ്ഞത് ആന്റണി, ഇബ്രാഹിം നബിയുടെ പരമ്പരയിൽപെട്ടയാളാണെന്നാണ്. രാഹുൽഗാന്ധി യൂസുഫ് നബി ആണെന്നാണ് ലീഗ് ഇപ്പോൾ പറയുന്നത്. കോൺഗ്രസിന്റെ പിന്തുണയും സ്‌നേഹവും ഒന്നും ലീഗ് എംഎൽഎമാർക്ക് കിട്ടിയെന്ന് വരില്ലെന്നും ജലീൽ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ച ആളാണ് രാഹുൽഗാന്ധി. ആ രാഹുൽഗാന്ധിയുടെ വാർത്തയാണ് ദേശാഭിമാനി കൊടുക്കാതിരുന്നത്. ആർഎസ്എസ് എന്ന വാക്ക് രാഹുൽഗാന്ധി പ്രസംഗത്തിൽ എവിടെയെങ്കിലും ഉപയോഗിച്ചോ?. സിഎഎ എന്നൊരു വാക്ക് രാഹുൽ ഗാന്ധി ഉപയോഗിച്ചോ. ഇന്ത്യയിലെ ഒരു വിഭാഗം ഒരുപാട് വേദനിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് മിണ്ടിയില്ല. പൗരത്വ രജിസ്റ്ററിനെ കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചോ. ഇതൊന്നും വലിയ വിഷയമായി രാഹുൽ ഗാന്ധിക്ക് തോന്നിയിട്ടില്ല. രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തിന്റെ ആശങ്കകൾ എന്തുകൊണ്ട് മിണ്ടിയില്ല. കോൺഗ്രസ് ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ എതിർത്തിട്ടില്ല. സവർക്കറെ സംബന്ധിച്ച് ഒന്നും കോൺഗ്രസ് ഉരിയാടാത്തതെന്നും ജലീൽ ചേദിച്ചു.
Discussion about this post