തിരുവനന്തപുരം: ലോ അക്കാദമി കോളജ് വളപ്പില്‍ വാണിജ്യാവശ്യം മുന്‍നിര്‍ത്തി റസ്റ്റോറന്റും സഹകരണ ബാങ്ക് ശാഖയും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇവ ഒഴിപ്പിച്ച് ഈ സ്ഥലം തിരിച്ചെടുക്കാന്‍ കലക്ടര്‍ക്കു മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശം. ഭൂമി പതിച്ചു നല്‍കിയതിന്റെ വ്യവസ്ഥ ലംഘിച്ചതിനാലാണ് ഈ നടപടി. അക്കാദമിക്ക് അവകാശമില്ലാത്ത പുറമ്പോക്കില്‍ നിര്‍മിച്ചിരിക്കുന്ന മുഖ്യകവാടം ഒഴിപ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. അക്കാദമി രൂപീകരണ സമയത്തു ലക്ഷ്യമിട്ടിരുന്ന നിയമ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി പതിച്ചുനല്‍കിയ സര്‍ക്കാര്‍ ഭൂമി ആ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായി ഉപയോഗിച്ചിട്ടില്ലെന്നു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി.
ഉപയോഗിക്കാത്ത ഈ ഭൂമി തിരികെ എടുക്കുന്ന കാര്യത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം തേടി അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പത്ത് ഏക്കറോളം ഭൂമി വിനിയോഗിച്ചിട്ടില്ലെന്നും നിയമവകുപ്പുമായി ആലോചിച്ച് ഇതു സര്‍ക്കാരിനു തിരിച്ചെടുക്കാമെന്നുമാണു പി.എച്ച്.കുര്യന് ശുപാര്‍ശ ചെയ്തത്. 1984-ല്‍ ഭൂമി പതിച്ചുകിട്ടിയ ശേഷം ലോ അക്കാദമിയുടെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ, അതു ചട്ടപ്രകാരമാണോ എന്നു ജില്ലാ റജിസ്ട്രാര്‍ പരിശോധിക്കേണ്ടതുണ്ടെന്ന നിര്‍ദേശത്തോടെ മന്ത്രി ജി.സുധാകരനു റവന്യൂ മന്ത്രി ഫയല്‍ കൈമാറി. അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ടു വി.എസ്.അച്യുതാനന്ദന്, വി.മുരളീധരന്, സി.എല്‍.രാജന് എന്നിവര്‍ നല്കിയ പരാതിയിന്മേലാണ് അന്വേഷണം നടത്തി മന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിലെ മറ്റു പ്രധാന കണ്ടെത്തലുകള്‍: അക്കാദമിയിലേക്കുള്ള മുഖ്യകവാടവും മതിലും പണിതിരിക്കുന്നതു 28 സെന്റ് പുറമ്ബോക്കിലാണ്. പുന്നന്‍ റോഡില്‍ ലോ അക്കാദമി റിസര്‍ച് സെന്റര്‍ നിലനില്‍ക്കുന്ന ഭൂമി വിലയ്ക്കു വാങ്ങിയതായതിനാല്‍ അതിന്റെ പൂര്‍ണ അവകാശം സൊസൈറ്റിക്കാണ്. 11 ഏക്കര്‍ 49 സെന്റ് സ്ഥലമാണ് 1968ല്‍ ലോ അക്കാദമിക്കു പാട്ടത്തിനു നല്‍കിയത്. ഇതിന്റെ വിനിയോഗത്തിനായി പ്രത്യേക സമയപരിധി നിശ്ചയിട്ടില്ല. 2001-ല്‍ പത്തു സെന്റില്‍ നിര്‍മിച്ച കെട്ടിടത്തിലാണു റസ്റ്ററന്റും ബാങ്ക് ശാഖയും പ്രവര്‍ത്തിക്കുന്നത്. ഇവിടെ പുറത്തു നിന്നുള്ളവര്‍ക്കും പ്രവേശനം അനുവദിച്ച്, ഹോട്ടല്‍ എന്ന ബോര്‍ഡും സ്ഥാപിച്ചു. ഇതു വിവാദമായപ്പോള്‍ പേരു മാറ്റി കന്റീന്‍ എന്നാക്കി. ഈ കെട്ടിടം, കവാടം, മതില് എന്നിവയുടെ നിര്‍മാണം കരാര്‍ ലംഘനത്തിന്റെ പരിധിയില്‍ വരുന്നു. റിപ്പോര്ട്ടിന്മേല് അടിയന്തര നടപടി നിര്‍ദേശിച്ച മന്ത്രി ഇ.ചന്ദ്രശേഖരന്, കൂടുതല്‍ അന്വേഷണം നടത്താനും പി.എച്ച്.കുര്യനെ ചുമതലപ്പെടുത്തി.
Discussion about this post