തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം നിസ്സാരമായ രോഗമല്ലെന്ന് ആരോഗ്യവരുപ്പ്. 97 ശതമാനം മരണസാധ്യതയുള്ള ഈ രോഗം ബാധിച്ചവര്‍ സ്വയം ചികിത്സ നടത്തി സമയം പാഴാക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു. കെട്ടിക്കിടക്കുന്ന ജലത്തിലും ഒഴുക്കുള്ള ജല സ്രോതസുകളിലും കുളിക്കുന്നവര്‍ക്ക് അമീബിക് ജ്വരം പിടിപെടാന്‍ സാധ്യതയുണ്ട്.
രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക രോഗലക്ഷണങ്ങള്‍. കുഞ്ഞുങ്ങളില്‍ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവ. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു.
വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു.
ആഴ്ചയില്‍ ഒരിക്കല്‍ നീന്തല്‍ക്കുളങ്ങളിലെ വെള്ളം പൂര്‍ണമായും ഒഴുക്കിക്കളയണം. സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം. പ്രതലങ്ങള്‍ നന്നായി ഉണങ്ങുവാന്‍ അനുവദിക്കണം. നീന്തല്‍ കുളങ്ങളിലെ ഫില്‍റ്ററുകള്‍ വൃത്തിയാക്കി ഉപയോഗിക്കണം. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിനുശേഷം ഉപയോഗിക്കണം. വെള്ളത്തിന്റെ അളവിനനുസരിച്ച് 5 ഗ്രാം ക്ലോറിന്‍/ 1000 ലിറ്റര്‍ വെള്ളത്തിന് ആനുപാതികമായി ക്ലോറിനേറ്റ് ചെയ്യണം. ക്ലോറിന്‍ ലെവല്‍ 0.5 പി.പി.എം മുതല്‍ 3 പി.പി.എം ആയി നിലനിര്‍ത്തണം.
Discussion about this post