ആദ്യ ടെസ്റ്റിൽ കഴുത്തിനേറ്റ പരിക്ക് കാരണം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ടീമിൽ നിന്ന് പുറത്തായിരുന്നു. മികച്ച ഫിറ്റ്നസ് ഒകെ ഉള്ള താരമാണ് എങ്കിലും എല്ലാ ഫോർമാറ്റിലും തുടർച്ചയായി കളിക്കുന്നതാണ് താരത്തെ കുഴപ്പിക്കുന്നത്. ജസ്പ്രീത് ബുംറയ്ക്ക് വേണ്ടി ടീം മാനേജ്‌മെന്റ് ചെയ്യുന്നതുപോലെ, ഗില്ലിന്റെയും ജോലിഭാരം കൈകാര്യം ചെയ്യണമെന്ന് പലരും പറയുന്നു. എന്നാൽ, അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഗില്ലിന് ഇടവേള നൽകാൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിന് താത്പര്യമില്ല എന്ന് റിപ്പോർട്ടുണ്ട്.
ഗില്ലുമായി ബന്ധപ്പെട്ട ‘ജോലിഭാരം നിയന്ത്രിക്കൽ’ വിഷയത്തിൽ ഗംഭീറുമായി സംസാരിച്ചതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അവകാശപ്പെട്ടു. വിശ്രമം ആവശ്യമുണ്ടെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഒഴിവാക്കണമെന്ന് ഗില്ലിനോട് പരിശീലകൻ പറഞ്ഞു എന്നും ചോപ്ര വെളിപ്പെടുത്തി.
“വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന് മുമ്പ് ഞാൻ ഗൗതമിനോട് ഈ ചോദ്യം ചോദിച്ചു. അയാൾക്ക് വർക്ക് ലോഡ് മാനേജ്മെന്റ് ആവശ്യമുണ്ടെങ്കിൽ ഐപിഎൽ ഒഴിവാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഐപിഎൽ ടീമിനെ നയിക്കുന്നത് വളരെയധികം സമ്മർദ്ദം ചെലുത്തുന്നതിനാൽ നയിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നയിക്കരുത് എന്നും ഗംഭീർ ഗില്ലിനോട് പറഞ്ഞു. ഇന്ത്യയ്ക്കായി കളിക്കുമ്പോൾ, നിങ്ങൾ ഫിറ്റ്നസ് ആണെങ്കിൽ, നിങ്ങൾ മാനസികമായി തളർന്നുപോകുന്നില്ല,” ഗംഭീർ പറഞ്ഞതായി ചോപ്ര പറഞ്ഞു.
ഗിൽ പോലുള്ള മികച്ച ഫോമിലുള്ള കളിക്കാർ ടീമിനൊപ്പം നിൽക്കുകയും അവർ നൽകുന്ന സേവനങ്ങൾ പരമാവധിയാക്കുകയും വേണം എന്നതിനാൽ, ഗംഭീറിന്റെ അഭിപ്രായത്തോട് താൻ യോജിക്കുന്നുവെന്ന് ചോപ്ര പറഞ്ഞു.
“ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ, നിങ്ങൾ മികച്ച ഫോമിലൂടെ കടന്നുപോകുമ്പോൾ, നിങ്ങൾ പരമാവധിയാക്കാൻ ആഗ്രഹിക്കുന്നു എന്ന അഭിപ്രായത്തെ ഞാൻ പിന്തുണയ്ക്കുന്നു. കാരണം മോശം ഫോം നിങ്ങളെ എപ്പോൾ ബാധിക്കുമെന്നും ഫോമിലേക്ക് എന്ന് എത്തുമെന്നും നിങ്ങൾക്ക് ഒരിക്കലും അറിയില്ല. അതിനാൽ, ഫിറ്റ്നസ് ആശങ്കകളൊന്നുമില്ലെങ്കിൽ, വ്യക്തിപരമായി മാനസികമായി തളർന്നുപോകുന്ന ആശങ്കകളൊന്നുമില്ലെങ്കിൽ, നിങ്ങൾ കൂടുതൽ കളിക്കുക എന്നാണ് ഞാൻ പറയുന്നത്” അദ്ദേഹം പറഞ്ഞു.
ഗുവാഹത്തി ടെസ്റ്റിൽ ഗിൽ കളിക്കില്ലെന്ന് ഉറപ്പായതിനാൽ, ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നാളെ തുടങ്ങുന്ന ടെസ്റ്റിൽ നയിക്കും.












Discussion about this post