ചണ്ഡീഗഡ്: ഇന്തോ- നേപ്പാൾ അതിർത്തിയിൽ ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിന്റെ ചിത്രം പതിപ്പിച്ച് പോലീസ്. അതിർത്തി പ്രദേശങ്ങൾ വഴി നേപ്പാളിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് പോലീസിന്റെ നടപടി. നേരത്തെ അമൃത്പാൽ സിംഗിനായി ഉത്തരാഖണ്ഡ് പോലീസ് അതിർത്തി മേഖലയിൽ ശക്തമായ പരിശോധന ആരംഭിച്ചിരുന്നു.
പഞ്ചാബ് മുഴുവൻ അരിച്ച് പരിശോധിച്ചിട്ടും അമൃത്പാലിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതേ തുടർന്ന് അമൃത്പാൽ സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ പോലീസ് നേരത്തെയെത്തിയിരുന്നു. ഹരിയാനയിലേക്ക് ആയിരുന്നു ഇയാൾ കടന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ പരിശോധന തുടരുകയാണ്. കുരുക്ഷേത്രയിൽ എത്തിയ അമൃത്പാലിനും സംഘത്തിനും താമസിക്കാൻ സൗകര്യം ഒരുക്കിയ സംഭവത്തിൽ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിലേക്കോ ഉത്തരാഖണ്ഡിലേക്കോ ഇയാളും സംഘവും കടന്നേക്കാം. ഇവിടെ നിന്നും റോഡ് മാർഗ്ഗം അതിർത്തി കടക്കാനാണ് സാദ്ധ്യത എന്നാണ് കരുതുന്നത്. ഇത് പ്രതിരോധിക്കാനുള്ള നീക്കങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അതിർത്തി മേഖലകളിൽ ചിത്രം പതിപ്പിച്ചത്.
നിലവിൽ രൂപമാറ്റം വരുത്തിയാണ് അമൃത്പാലും സംഘവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് പിടികൂടാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിന് പുറമേ ഇയാളെ ആളുകൾ സഹായിക്കുന്നതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും പ്രതിബന്ധങ്ങൾ മറികടന്ന് അമൃത്പാലിനെയും സംഘത്തെയും പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്.
Discussion about this post