കൊച്ചി: സംവിധായകൻ ജൂഡ് ആന്തണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി ആന്റണി പെപ്പെ. അനിയത്തിയുടെ കല്യാണം ജൂഡ് ആന്തണിയുടെ പണം വാങ്ങിയാണ് നടത്തിയെന്ന ആരോപണം വേദനിപ്പിച്ചുവെന്നും പണം തിരിച്ചുകൊടുത്ത് ഒരു വർഷത്തിന് ശേഷമായിരുന്നു അനിയത്തിയുടെ വിവാഹമെന്നും ആന്റണി പെപ്പെ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പണം തിരിച്ചുകൊടുത്തതിന്റെ ബാങ്ക് രേഖകളും അനിയത്തിയുടെ വിവാഹം നടന്നതിന്റെ രേഖകളും ഉൾപ്പെടെ ഉയർത്തിക്കാട്ടിയായിരുന്നു പെപ്പെയുടെ മറുപടി.
എന്നെപ്പറ്റി എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ഇനിയും പറയാം, പുളളിക്ക് അതിനുളള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്റെ ഭാഗത്ത് ന്യായമുളളതുകൊണ്ടാണ് ഞാൻ ഇത്രയും നാൾ മിണ്ടാതിരുന്നത്. പക്ഷെ വിവാദം ഉണ്ടായ ശേഷം വീട്ടിൽ ചെന്നപ്പോൾ അമ്മയും അനിയത്തിയും ഭാര്യയുമൊക്കെ ഒരുപാട് വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. അവർ ഇനി ഒരു ഫംഗ്ഷന് ചെന്നാൽ ആളുകൾ കളിയാക്കി ചിരിക്കും. സ്വന്തം ചേട്ടൻ അവളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ വെട്ടിച്ചിട്ടാണെന്ന പ്രസ്താവന അവൾക്കും നാണക്കേടാണ്. ലണ്ടനിൽ നിന്ന് അവധിക്ക് വന്നിട്ട് പുറത്തുപോലും ഇറങ്ങാൻ മടിച്ചിരിക്കുകയാണ് അനിയത്തി.
എന്റെ പേജിൽ ഇഷ്ടം പോലെ തെറിയും കാര്യങ്ങളും വരുന്നുണ്ട്. അതൊന്നും എനിക്ക് പ്രശ്‌നമല്ല പക്ഷെ ഭാര്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോലും മോശം മെസേജ് വരികയാണ് അതൊന്നും സഹിക്കാനാകില്ലെന്ന് പെപ്പെ പറഞ്ഞു. എന്നെ സ്‌നേഹിക്കുന്ന ആളുകൾക്ക് ചില വ്യക്തത കൊടുക്കണ്ട ഉത്തരവാദിത്വം ഉണ്ട്. അതുകൊണ്ടാണ് പരസ്യമായ വിശദീകരണം നൽകാൻ വന്നതെന്ന് ആന്റണി പെപ്പെ പറഞ്ഞു.
2020 ജനുവരി 27 നാണ് ജൂഡ് ആന്തണിക്ക് പൈസ തിരിച്ചുകൊടുത്ത ഡേറ്റ്. അനിയത്തി അഞ്ജലിയുടെ കല്യാണം നടന്നത് 2021 ജനുവരി 15 നും. ഇത് തമ്മിൽ ഒരു വർഷത്തെ വ്യത്യാസമുണ്ട്. പൈസ തിരിച്ചുകൊടുത്ത് ഒൻപത് മാസം കഴിഞ്ഞിട്ടാണ് അനിയത്തിക്ക് കല്യാണ ആലോചന പോലും വന്നത്. 2019 ൽ സംഘടനകൾ വഴി ചർച്ച ചെയ്ത് പരിഹരിച്ച് കൈകൊടുത്ത് പിരിഞ്ഞ സംഭവമാണ് ഇപ്പോൾ ഒരു വിജയത്തിന്റെ ഘട്ടത്തിൽ നിൽക്കുമ്പോൾ ജൂഡ് ആന്തണി വീണ്ടും പരസ്യമായി ഉന്നയിച്ചതെന്ന് ആന്റണി പെപ്പെ പറഞ്ഞു.
ഞാൻ പുളളിയുടെ ഒരു ഫാൻ ആണ്. 2018 എന്ന പടം അടിപൊളിയാണ്. ഫാമിലിയായിട്ട് പോയി കണ്ട സിനിമയാണ്. ആ വിജയം വേറൊരാളുടെ ജീവിതത്തെ വഴിമുടക്കാനായി ദുരുപയോഗം ചെയ്തു. എനിക്ക് പുളളിയോട് ദേഷ്യമല്ല, സങ്കടമാണ്. വ്യക്തിഹത്യയാണ് നടത്തിയതെന്നും ആന്റണി പെപ്പെ ആരോപിച്ചു.
Discussion about this post