ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് ജവാൻ വീരമൃത്യുവരിച്ചത്. ഏറ്റുമുട്ടലിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു.
രാവിലെയോടെയായിരുന്നു സംഭവം. അർദ്ധരാത്രി മുതലാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇവിടെ ഭീകരർ തമ്പടിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. ഏറ്റുമുട്ടലിൽ രാത്രി ഭീകരനെ വധിച്ചിരുന്നു. ഇതിന് ശേഷവും ഏറ്റുമുട്ടൽ തുടരുകയായിരുന്നു.
പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരതരമാണെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ.
അതേസമയം സൈന്യം വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റായ സെക്യൂരിറ്റി ജീവനക്കാരനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഈ സംഘവുമായാണ് ഏറ്റുമുട്ടൽ എന്നാണ് സൂചന.
Discussion about this post