തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചയില്‍ പിടിയിലായത് ‘ഗ്യാസ് കട്ടര്‍ ഗ്യാങ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണ സംഘമെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകള്‍ മാത്രമാണ് ഇവര്‍ ലക്ഷ്യം വെച്ച് മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം. കവര്‍ച്ചാ കേസിന് പിന്നിലും ഇവരായിരുന്നുവെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.
വ്യക്തവും കൃത്യവുമായ ആസൂത്രണത്തോടെയായിരുന്നു ഈ മോഷണ സംഘം സഞ്ചരിച്ചിരുന്നത്. പണം നിറച്ചുവെച്ചിരിക്കുന്ന പ്രമുഖ ബാങ്കിന്റെ എ.ടി.എമായിരുന്നു ഇവരുടെ ലക്ഷ്യം മുമ്പ് ഹരിയാന, മേവാര്‍ തുടങ്ങിയിടങ്ങളില്‍ കവര്‍ച്ച നടത്തിയതും ഈ സംഘമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മോഷണത്തിനായി പ്രത്യേക ശൈലിയായിരുന്നു ഈ സംഘം സ്വീകരിച്ചിരുന്നത്.
ഇവര്‍ ചെയ്യുന്നതിനെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ ഇവര്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ആദ്യം എടിഎമ്മുകള്‍ ലക്ഷ്യം വെക്കും. ഏതൊക്കെ എടിഎമ്മുകളാണ് വര്‍ക്കിംഗ് ,പണം നിറയ്ക്കുന്നത് ഇവയൊക്കെ പഠിച്ചതിന് ശേഷം നേരിട്ട് ഗ്യാസ് കട്ടറുമായെത്തി മോഷണം നടത്തുകയായിരുന്നു പതിവ്. എടിഎം പരിസരത്ത് എത്തിയ ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ വേര്‍പ്പെടുത്തി വാഹനത്തില്‍ കൊണ്ടു പോകും. തുടര്‍ന്ന് വിജനമായ സ്ഥലത്തുവെച്ച് എ.ടി.എമ്മില്‍നിന്ന് പണം വേര്‍തിരിച്ചെടുക്കും. അവിടെനിന്ന് സ്വന്തം വാഹനം കണ്ടെയിനറില്‍ ഓടിച്ചുകയറ്റി രക്ഷപ്പെടുകയായിരുന്നു സംഘത്തിന്റെ രീതി
മൂന്ന് എ.ടി.എമ്മുകളില്‍ നിന്നാണ് പ്രതികള്‍ പണം കവര്‍ന്നത്. തൃശൂര്‍ നഗരത്തിലെ ഷൊര്‍ണൂര്‍ റോഡ്, കോലഴി, മാപ്രാണം എന്നിവിടങ്ങളിലെ എ.ടി.എം. മെഷീനുകള്‍ തകര്‍ത്താണ് 65 ലക്ഷം രൂപയോളം കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. മെഷീന്‍ തകര്‍ത്തായിരുന്നു ഇവരുടെ കൊള്ള. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തിയും കേരളാ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. വളരെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് ഇവരെ കീഴടക്കാനായത്. സംഘട്ടനത്തില്‍ പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്കും പരിക്കുണ്ട്.









Discussion about this post