ലക്‌നൗ: വരാണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാല ക്യാമ്പസിൽ ഹോളി ആഘോഷങ്ങൾക്ക് നിരോധനം. കോളേജ് വി.സി സുധീർ ജെയ്ൻ ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം വിലക്കിന് പിന്നാലെ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ച് പ്രതിഷേധിച്ചു.
ഹോളി ആഘോഷിക്കരുതെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകികൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ക്യാമ്പസിനുള്ളിൽ ആരും ഹോളി ആഘോഷിക്കരുതെന്നും, നിർദ്ദേശം ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവുണ്ട്. നേരത്തെ റംസാനോട് അനുബന്ധിച്ച് സർവ്വകലാശാല ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരാണ് അന്ന് ഇതിൽ പങ്കെടുത്തത്. ഇഫ്താർ വിരുന്നിന് അനുവാദം നൽകുമ്പോൾ ഹോളി ആഘോഷത്തിന് മാത്രം വിലക്കേർപ്പെടുത്തുന്നത് എന്തിനാണെന്നാണ് വിദ്യാർത്ഥികളിൽ നിന്നും ഉയരുന്ന ചോദ്യം. ഇതിൽ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഹിന്ദു ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹോളി.
അതേസമയം വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിന് പിന്നാലെ പ്രതിഷേധ സൂചകമായി വിദ്യാർത്ഥികൾ ഹോളി ആഘോഷം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികളാണ് ആഘോഷത്തിൽ പങ്കാളികളായത്. ഇതിന്റെ ഭാഗമായി സർവ്വകലാശാലയിൽ ഡിജെയുൾപ്പെടെ സംഘടിപ്പിച്ചു. സർവ്വകലാശാലയിൽ നിന്നും ഉണ്ടാകുന്ന എന്ത് നടപടിയും നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥികൾ പ്രതികരിച്ചു.
Discussion about this post