ഡല്‍ഹി: ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ. ഇന്ത്യ തനിക്ക് സുരക്ഷിതമല്ല. കോണ്‍ഗ്രസും ബി.ജെ.പിയും തന്നെ പന്തു തട്ടുന്നു. സിവില്‍ കേസുകള്‍ ക്രിമിനലാക്കിയത് കേന്ദ്രസര്‍ക്കാറിന്റെ താല്‍പര്യ പ്രകാരമാണ്. ബ്രിട്ടനില്‍ത്തന്നെ തുടരുമെന്ന് വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കടന്നു കളഞ്ഞ വിജയ് മല്യയെ കൈമാറാന്‍ ഇന്ത്യ-ബ്രിട്ടന്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി കടമെടുത്ത് രാജ്യം വിട്ട വിജയ് മല്യയെ കൈമാറാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. മല്യയെ സംബന്ധിച്ച് രേഖകളും ബ്രിട്ടന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച് 2016ലാണ് മല്യ രാജ്യം വിട്ടത്. മല്യയെ മടക്കി കൊണ്ടുവരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ് ഉള്ളതെന്നാണ് അന്വേഷണ എജന്‍സികളുടെ കണക്ക് കൂട്ടല്‍. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നിലവില്‍ കരാറുണ്ട്. കരാറിന്റെ അടിസ്ഥാനത്തില്‍ വിജയ് മല്യയെ കൈമാറണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.
ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മെയുടെ സന്ദര്‍ശന വേളയില്‍ മല്യയുള്‍പ്പടെ 60 കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 16 പ്രതികളെ കൈമാറണമെന്ന് ആവശ്യം ബ്രിട്ടനും ഉയര്‍ത്തിയിരുന്നു.
Discussion about this post