തൃശ്ശൂര്‍: പിണറായിയെ മംഗളൂരുവില്‍ തടഞ്ഞാല്‍ കേരളത്തില്‍ അമിത് ഷാക്ക് കാലുകുത്താനാവില്ലെന്ന ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം പിപി ദിവ്യയുടെ പ്രസ്താവനക്കെതിരെ സിപിഐഎം അനുകൂല അഭിഭാഷക അസോസിയേഷന്‍ നേതാവ്. കൊടുങ്ങല്ലൂര്‍ എഐഎല്‍യു പ്രസിഡണ്ട് എം സുകുമാരന്‍ ലാല്‍ ആണ് രംഗത്തെത്തിയത്. എന്തൊക്കെ സംഭവിച്ചാലും ദിവ്യയുടെ തടയല്‍ സമരം ഇവിടെ ആവശ്യമില്ലെന്നും പരിവാര തിട്ടൂരം അതേ പടി ഇവിടെ വേണ്ടതില്ല എന്നുമാണ് സുകുമാരന്‍ ലാല്‍ പ്രതികരിക്കുന്നത്.
ഡിവൈഎഫ്‌ഐ-യുടെ കേന്ദ്ര കമ്മിറ്റിയംഗമായിട്ടും പക്വതയാര്‍ജ്ജിക്കാതെ ദിവ്യയെന്ന സഖാവ് വാ ചലിപ്പിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും എം സുകുമാരന്‍ ലാല്‍ പറയുന്നു. ഭോപ്പാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞു. ഇപ്പോള്‍ മംഗ്‌ളൂരിലും വിലക്ക്… ഈ പോക്കാണെങ്കില്‍ അമിത് ഷായ്ക്ക് കേരളത്തിലെ സംഘികളോട് ഇനി വീഡിയോ കോണ്‍ഫെറന്‍സ് മാത്രം നടത്തേണ്ടി വരുമെന്നായിരുന്നു ദിവ്യയുടെ വെല്ലുവിളി.
പിണറായി വിജയനെതിരെ സംഘപരിവാര്‍ ഫെബ്രുവരി 25ന് മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാന്‍ സാധിക്കാത്ത കേരള മുഖ്യമന്ത്രിക്ക് മറ്റു സംസ്ഥാനങ്ങളിലെ മത സൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാന്‍ അവകാശമില്ലെന്നതാണ് സംഘപരിവാറിന്റെ വാദം. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഐഎമ്മിന്റെ നേതാവും കേരളം ഭരിക്കുന്ന ഏകാധിപതിയുമാണ് പിണറായിയെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡണ്ട് എംബി പുരാണിക് ആരോപിച്ചിരുന്നു.
നേരത്തെ മധ്യപ്രദേശിലെ ഭോപ്പാല്‍ സന്ദര്‍ശിക്കാന്‍ പിണറായി വിജയന്‍ എത്തിയപ്പോഴും സംഘപരിവാര്‍ തടഞ്ഞിരുന്നു. സിപിഐ(എം) സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയിലാണ് പിണറായി പങ്കെടുക്കുക. വാര്‍ത്താ ഭാരതി കന്നഡ ദിനപത്രത്തിന്റെ പുതിയ ഓഫീസ് കോംപ്ലകസ് ഉദ്ഘാടനമാണ് മറ്റൊരു പരിപാടി.
Discussion about this post