കണ്ണൂര്‍: തീവ്രവാദികളെ കസ്റ്റഡിയില്‍ നിന്നിറക്കി വിടാന്‍ മനുഷ്യാവകാശ കമ്മീഷനംഗം പൊലീസിനെ ഭീഷണിപ്പെടുത്തി. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ നിന്ന് ഇറക്കിവിടാനാണ് മനുഷ്യാവകാശ കമ്മീഷന് അംഗം പൊലീസിനെ ഭീഷണിപ്പെടുത്തിയത്. തീവ്രവാദികളെ കമ്മീഷന് അംഗം സഹായിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. സംഭവം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും റിപ്പോര്‍ട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും പാലിച്ചില്ല.ജനം ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
2012-ല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുകുമാരന്‍ അയച്ചതാണ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് അംഗം അഡ്വ. കെ.ഇ ഗംഗാധരന് കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ അറസ്റ്റിലായ തീവ്രവാദികളെ സഹായിക്കുകയും ഇവരെ പുറത്തിറക്കാന്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഇത് ഡി.ജി.പി വഴി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും, പ്രതിരോധമന്ത്രിക്കും ഐബി, റോ ഡയറക്ടര്‍മാര്‍ക്കും അയയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല. റിപ്പോര്‍ട്ട് നല്കി നാലു വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ ഇതിന്മേല് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്‍.ഡി.എഫ് നേതാവായ അഡ്വ. നൗഷാദുമായി ചേര്‍ന്ന് കമ്മീഷനംഗം തീവ്രവാദികള്‍ക്ക് അനൂകൂല നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ഇത് ഗൗരവമായി കണ്ട് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മനുഷ്യാവകാശ കമ്മീഷന് അംഗത്തിനൊപ്പമുണ്ടായിരുന്ന അഡ്വ. നൗഷാദിന് രാജ്യത്തു പിടിയിലായ മിക്ക തീവ്രവാദ കേസുകളിലെ പ്രതികളുമായും ബന്ധമുണ്ടെന്നും ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുളളവ പൊലീസിന്റെ കയ്യിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 മെയ് 30നാണ് അന്നത്തെ കണ്ണൂര്‍ ഡി.വൈ.എസ്.പി വഴി ജില്ലാ പൊലീസ് മേധാവിക്ക് സി.ഐ സുകുമാരന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇതേ വര്‍ഷം ഏപ്രില്‍ 22നാണ് കമ്മീഷന് അംഗം ഭീഷണിപ്പെടുത്തിയത്. എന്നാല്‍ രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ റിപ്പോര്ട്ടിന്മേല് ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പൊലീസുകാര്‍ക്കിടയിലും എതിര്‍പ്പുയരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post