ഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി. യോഗേന്ദ്രയാദവുമായി കെജ്രിവാള് പക്ഷത്തെ നേതാക്കള്‍ ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തി. ഈ മാസം ഇരുപത്തിയെട്ടിന് ചേരുന്ന എഎപി ദേശീയ കൗണ്‍സില്‍ യോഗത്തിനു മുമ്പ് പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം ഇന്നലെ തിരിച്ചെത്തിയ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്താന്‍ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും നേരത്തെ തന്നെ താല്പര്യം അറിയിച്ചിരിന്നു. ഈ സാഹചര്യത്തിലാണ് കെജ്രിവാളുമായി അടുപ്പം പുലര്‍ത്തുന്ന സഞ്ജയ് സിംഗ്, അശുതോഷ്, ആശിഷ് ഖേതന് എന്നിവര്‍ കുമാര്‍ വിശ്വാസിനേയും കൂട്ടി രാത്രി യോഗേന്ദ്ര യാദവിന്റെ വസതിയിലെത്തിയത്. രണ്ട് മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയില്‍ ഇരുപക്ഷത്തിനുമിടയിലുണ്ടായ തര്‍ക്കങ്ങള്‍ ചര്‍ച്ചയായി.
അതേസമയം ചര്‍ച്ചകളില്‍ താന്‍ സംതൃപ്തനാണെന്നും വരും ദിവസങ്ങളിലും കൂടിക്കാഴ്ചകളുണ്ടാകുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
Discussion about this post