ന്യൂയോര്‍ക്ക്: കാന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ അലോസരപ്പെടുത്തുന്നതാണെന്ന് വൈറ്റ് ഹൗസ്. ജൂതന്‍മാര്‍ക്കും ജൂത പള്ളികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെയും അപലപിക്കുന്നതായി സീന്‍ സ്‌പൈസര്‍ പറഞ്ഞു. എല്ലാ കൊലപാതകങ്ങളും ദുഃഖകരമാണ്. മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള ഒരു അതിക്രമവും അംഗീകരിക്കാനാവില്ല. എല്ലാ മതക്കാര്‍ക്കും സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണെന്നും സ്‌പൈസര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിനുവേണ്ടി വൈറ്റ് ഹൗസ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്.
വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്‌ല(32) ആണ് വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോഴാണ് അക്രമി തന്റെ രാജ്യത്ത് നിന്ന് കടന്ന് പോകൂവന്ന് ആക്രോശിച്ചുകൊണ്ട് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അദാം പ്യൂരിന്റോണ്‍ എന്ന അമേരിക്കക്കാര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.എസ് നാവികസേനയില്‍ ജോലി ചെയ്തിരുന്നയാളാണ് ഇയാള്‍. സംഭവത്തില്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് അന്വേഷണം നടത്തിവരികയാണ്.
Discussion about this post