കല്‍പ്പറ്റ: വയനാട്ടില്‍ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോക്സോ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ പരിശോധന നടത്തിയതില്‍ നിന്നും ഇവര്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രദേശവാസികളായ യുവാക്കളാണ് പീഡനത്തിന് പിന്നില്‍. യത്തീംഖാനയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അഞ്ചു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊട്ടിയൂരില്‍ വൈദീകന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു പീഡന വാര്‍ത്തകൂടി പുറത്തുവരുന്നത്.
വിദ്യാര്‍ത്ഥിനികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇവരെ ഗ്രൂപ്പ് കൗണ്‍സിലിന് വിധേയരാക്കുന്ന കാര്യം സാമൂഹ്യനീതി വകുപ്പ് ആലോചിക്കുന്നുണ്ട്. ഇന്നലെയാണ് വയനാട്ടിലെ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറത്തുവരുന്നത്.
യത്തീംഖാനയില്‍ നിന്നും ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ സമീപത്തുള്ള കടയിലേക്ക് വിളിച്ചുകയറ്റിയാണ് പീഡനം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ആറ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കോമ്പൗണ്ടിന് പുറത്തുവെച്ച് മിഠായി നല്‍കിയും അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രലോഭിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യത്തീംഖാന നല്കിയ പരാതിയില്‍ വിശദമാക്കുന്നത്. എല്ലാ പെണ്ുകുട്ടികളും 15 വയസിന് താഴെ മാത്രം പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി മുതലാണ് കുട്ടികള്‍ പീഡനത്തിനിരയായതെന്നാണ് പോലിസില്‍ നിന്നും ലഭിക്കുന്ന വിവരം. സംശയം തോന്നുന്ന വിധത്തില്‍ കടയില്‍ നിന്നും പുറത്തുവരുന്ന കണ്ട് അധികൃതര്‍ നടത്തിയ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്.
പ്രതികള്‍ പലതവണ ഭീഷണിപ്പെടുത്തിയും തുടര്പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടികള്‍ പറയുന്നു. കസ്റ്റഡിയിലെടുത്തിരിക്കുന്ന പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് ഉച്ചയ്ക്ക് പോലീസ് ഇത് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post