മലപ്പുറം: പതിനേഴുകാരിയുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി തടഞ്ഞത് ഒന്‍പത് ബാലവിവാഹങ്ങള്‍. കരുവാരക്കുണ്ട് കോളനിയില്‍ പതിനാറും പതിനേഴും വയസുള്ള സഹപാഠികളുടെയും അയല്‍വാസികളുടെയും വിവാഹങ്ങളാണു തടഞ്ഞത്. ഇക്കാര്യം പെണ്‍കുട്ടി കഴിഞ്ഞയാഴ്ച ചൈല്‍ഡ്‌ലൈനിന്റെ ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
വിവാഹം നിശ്ചയിച്ച പെണ്‍കുട്ടികളുടെ പേരും മേല്‍വിലാസവും കൈമാറുകയായിരുന്നു. പഠിക്കാനാണു താല്‍പര്യമെന്നും വിവാഹം കഴിപ്പിച്ചാല്‍ താന്‍ ആത്മഹത്യചെയ്യുമെന്നും ഒരു പെണ്‍കുട്ടി പറഞ്ഞതായും ചൈല്‍ഡ് ലൈന്‍ അധികൃതരെ കുട്ടി അറിയിച്ചു. വിവരം ബാലവിവാഹ നിരോധന ഓഫീസര്‍ സാവിത്രിദേവിയെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു. അവര്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തി സംഭവം സ്ഥിരീകരിച്ചു. തുടര്‍ന്നു മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ പരാതി ഫയല്‍ ചെയ്യുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിനോടൊപ്പം വിവാഹം ഉറപ്പിച്ച പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും മൊഴി കോടതി രേഖപ്പെടുത്തി. 2006-ലെ ബാലവിവാഹ നിരോധന നിയമം വകുപ്പ്13(6)പ്രകാരമാണു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി. നമ്പ്യാര്‍ വിവാഹങ്ങള്‍ തടഞ്ഞ് ഉത്തരവിട്ടത്.
രക്ഷിതാക്കളുടെ താല്‍പര്യത്തിനു വഴങ്ങിയാണു പെണ്‍കുട്ടികള്‍ വിവാഹത്തിനു സമ്മതിച്ചതെന്നു ബാലവിവാഹ നിരോധന ഓഫീസര്‍മാര്‍ പറഞ്ഞു. ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുളളവരാണ് ഈ പെണ്‍കുട്ടികള്‍. ഒരാളുടെ പിതാവ് നേരത്തേ മരിച്ചു. മറ്റൊരാളുടെ പിതാവ് വര്‍ഷങ്ങളായി വീട്ടിലില്ല.
കോടതി ഉത്തരവ് ലംഘിച്ച് ബാലവിവാഹത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനു സാധുതയില്ല. വകുപ്പ് 13(10) പ്രകാരം രണ്ടുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ബാലവിവാഹങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം ജില്ലയില്‍ 29 ബാലവിവാഹ നിരോധന ഓഫീസര്‍മാരാണുള്ളത്. ശിശുവികസന പദ്ധതി ഓഫീസര്‍മാരാണു നിരോധന ഓഫീസര്‍മാര്‍. ഒക്‌ടോബറില്‍ നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവു പ്രകാരം മൂത്തേടം ഗ്രാമപഞ്ചായത്തിലെ 12 ബാലവിവാഹങ്ങള്‍ തടഞ്ഞിരുന്നു.
Discussion about this post