ഡല്‍ഹി: ഭോപ്പാല്‍-ഉജ്ജൈയ്ന് പാസ്സഞ്ചര്‍ ട്രെയിന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരരെ സംബന്ധിച്ച വിവരം നല്‍കിയത് കേരള പോലീസെന്ന് റിപ്പോര്‍ട്ട്. സ്ഫോടനം നടത്തിയ യുവാക്കളുമായി സിറിയയിലെ ഐഎസ് പ്രവര്‍ത്തകര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കേരള പോലീസാണ് ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. യു.പിയിലെ താക്കൂര്‍ഗഞ്ചില്‍ വധിക്കപ്പെട്ട ഭീകരന് നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഭീകരസംഘടനയായ ഐഎസിന്റെ ഘടകമായി പ്രവര്‍ത്തിക്കുന്ന ‘ഖുരാസാന്‍’ എന്ന സംഘത്തെക്കുറിച്ച് കേരള പോലീസ് തെലങ്കാന പോലീസിന് വിവരം കൈമാറുകയായിരുന്നു. തെലങ്കാന പോലീസ്, മധ്യപ്രദേശ് പോലീസിനും ഉത്തര്‍പ്രദേശ് പോലീസിനും ഈ വിവരങ്ങള്‍ കൈമാറിയതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അലിഗഡില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ആതിഫ് ആണ് ആണ് ഭോപ്പാല്‍-ഉജ്ജയ്ന്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ ഭോപ്പാലില്‍ വെച്ച് പൈപ്പ് ബോംബ് സ്ഥാപിച്ചത്. സ്ഫോടനം ആസൂത്രണം ചെയ്തത് ആതിഫ് മുസാഫര്‍ എന്ന അല്‍ ഖാസിം ആണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഖുരാസാന്‍ മൊഡ്യൂള്‍ എന്നറിയപ്പെടുന്ന ഭീകരവാദി വിഭാഗത്തിന്റെ സ്വയംപ്രഖ്യാപിത തലവനാണ്. ഇന്റര്‍നെറ്റിലൂടെ ഐഎസുമായി ബന്ധം പുലര്‍ത്തിവന്ന ആതിഫ്, തീവ്ര ഐഎസ് ആയം പുലര്‍ത്തുന്ന ആളാണ്. ഐഎസിന്റെ ഘടകമായാണ് ഇയാളുടെ നേതൃത്വത്തില്‍ ഖുരാസാന്‍ മൊഡ്യൂള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.
പുതിയ പ്രവര്‍ത്തനമേഖലകള്‍ കണ്ടെത്തുക, പുതിയ അംഗങ്ങളെ സംഘത്തില്‍ ചേര്‍ക്കുക, പ്രവര്‍ത്തനം വ്യാപിപ്പിക്കുക തുടങ്ങിയവയാണ് അഫ്ഗാന്-പാകിസ്ഥാന് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖുരാസാന്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം. പാകിസ്ഥാനിലെ ഐഎസ് ഘടകമായ തെഹ്രീക് ഇ താലിബാന് ഓഫ് പാകിസ്ഥാന് എന്ന സംഘടനയുടെ ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ട്. ഈ സംഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥര്‍ക്ക് വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
താക്കൂര്‍ഗഞ്ചില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം വധിച്ച ഭീകരന് സെയ്ഫുള്ളയുടെ പക്കല്‍നിന്ന് ഐ.എസ് പതാകയും ട്രെയിന്‍ സമയപ്പട്ടികയും കണ്ടെടുത്തിരുന്നു. പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, കത്തി, പണം, പാസ്പോര്ട്ടുകള് തുടങ്ങിയവയും ഇയാളുടെ മൃതദേഹത്തിന് അടുത്തുനിന്ന് ലഭിച്ചിട്ടുണ്ട്. താക്കൂര്‍ഗഞ്ചിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഇയാളെ 12 മണിക്കൂര്‍ നീണ്ടുനിന്ന് ഏറ്റമുട്ടലിലാണ് പോലീസ് കൊലപ്പെടുത്തിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് ഈ വീട്ടിലാണ് നിര്‍മിച്ചതെന്നാണ് കരുതുന്നത്.
മധ്യപ്രദേശിലെ ജബ്ദി സ്റ്റേഷനില്‍ വെച്ചുണ്ടായ സ്ഫോടനത്തില്‍ 10 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ആതിഫ് മുജാഫറിനെ കൂടാതെ സഫര്‍ എന്ന മുഹമ്മദ് ഡാനിഷ്, ഹംസ എന്ന സെയ്ദ് മിര്‍ ഹുസ്സൈന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.എസ് ആണ് ട്രെയിന്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇന്ത്യയില്‍ ഐ.എസ് നടത്തിയ ആദ്യ ആക്രമണമാണ് ഇത്.
Discussion about this post