– നന്ദികേശന്
ഒരു ബജറ്റെന്നൊക്കെ പറഞ്ഞാല്‍ എന്തോ ഒരു വല്യ സംഭവമാണ് എന്നായിരുന്നു കേരളീയരുടെ വിശ്വാസം…!! ആഴ്ച്ചകള്‍ക്കു മുന്‍പേ ബജറ്റ് സമ്മേളനത്തിന്റെ കൊടിയേറ്റത്തെക്കുറിച്ച് ദേശമാകെ വിളിച്ചു ചൊല്ലല്‍, പിന്നെ വില കൂടുന്നതെന്തിന്, കുറയുന്നതെന്തിന് എന്നത് സംബന്ധിച്ച് കവലകളിലും വായനശാലയിലും ചൂടന്‍ ചര്‍ച്ചകള്‍, പോയ വര്‍ഷത്തെ ബട്ജറ്റിന്റെ വിലയിരുത്തല്‍.., അങ്ങനെ ബജറ്റ് അവതരണദിവസം ധനമന്ത്രി സ്യൂട്ട്കേസും പിടിച്ച് കാറില്‍ നിന്നിറങ്ങി നിയമസഭാഹാളിലെത്തും വരെ ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞതായിരുന്നു ഈ പറഞ്ഞ സംഭവം..!!
എന്നാല്‍ പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ പതിമൂന്നാം തീയതി കേരളധനമന്ത്രി സാക്ഷാല്‍ കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന മാണിസാര്‍ തന്റെ മന്ത്രിജീവിതത്തിലെ പതിമൂന്നാം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പിറന്നത് ഒരു പുതിയ ചരിത്രവും കീഴ്വഴക്കവും കൂടിയാണ്..!! സ്വതവേ ഗൌരവപൂര്‍ണമായി മാത്രം അവതരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള ഈ സംഭവത്തെ ഒരു മുഴുനീള ആക്ഷന്‍ കോമഡി ത്രില്ലര്‍ ആക്കിയതിന്റെ ബഹുമതി ആര്‍ക്കൊക്കെ പങ്കിട്ടു കൊടുക്കണം എന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാരും മാധ്യമങ്ങളും..!!
ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നു എന്ന് ഭരണപക്ഷം പറയുമ്പോള്‍ പ്രതിപക്ഷം പറയേണ്ടതെന്താണ്..? ‘പറ്റില്ല’ എന്നുതന്നെയല്ലേ..? അതല്ലേ പ്രതിപക്ഷം..?! അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..സെപ്റ്റിക് ടാങ്കില്‍ തലകുത്തി വീണ് അതില്‍ നിന്ന് എഴുന്നേറ്റു വന്നവന് നിങ്ങള്‍ക്ക് പായസം വിളമ്പിത്തരാന്‍ പോകുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും ‘എങ്കില്‍ പായസം പോരട്ടെ’ എന്ന് പറഞ്ഞ് ഇലയ്ക്ക് മുന്നില്‍ ചമ്രംപടിഞ്ഞിരിക്കുമോ..??!! ഒന്ന് കുളിച്ചിട്ടു വരാന്‍ പാടില്ലേ..??!! ചുരുങ്ങിയപക്ഷം ആ കൈ എങ്കിലും ഒന്ന് കഴുകി വൃത്തിയാക്കിയിട്ട് വരാനുള്ള മര്യാദ കാണിക്കണ്ടേ..??!! വീണത് സെപ്റ്റിക് ടാങ്കിലാണോ ആണെങ്കില്‍ത്തന്നെ ഏതു ടാങ്കില്‍ എന്നൊന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഭരണപക്ഷ ദേഹണ്ഡക്കാര്‍ പറഞ്ഞത്…!! തങ്ങളുടെ ഒരു മഹിമ വച്ച് ഈ നാറ്റം ഒന്നും ഒരു നാറ്റമേയല്ല എന്നാണ് അവരുടെ പക്ഷം..!! പക്ഷെ പ്രതിപക്ഷം സമ്മതിച്ചു കൊടുക്കുമോ..???!! ഏതോ പുളിച്ച കള്ളുകുടിയന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് വീണതെന്ന് ആ മണം കേട്ടാല്‍ത്തന്നെ മനസ്സിലാകും എന്ന് അവര്‍ കട്ടായം പറഞ്ഞു…!! അങ്ങനെയെങ്കില്‍ ആ കൈകള്‍ കൊണ്ടുതന്നെ പായസം വിളമ്പി നിങ്ങളെക്കൊണ്ട് കുടിപ്പിക്കും എന്ന് ഭരണപക്ഷവും..!! സത്യം പറഞ്ഞാല്‍ ആ വിളമ്പുകൈ ഒന്ന് മാറിയിരുന്നെങ്കില്‍ തീരാവുന്ന പ്രശനമേ ഉണ്ടായിരുന്നുള്ളൂ.!! പക്ഷെ അങ്ങനെ ചെയ്താല്‍ നാലുവര്‍ഷം കൊണ്ട് തങ്ങള്‍ നെയ്തെടുത്ത തൊലിക്കട്ടിയുടെ സല്‍പ്പേരിന് വല്ലതും സംഭവിച്ചാലോ എന്ന് ഭരണക്കാര്‍ക്ക് പേടി..!! അതിനെയും കുറ്റം പറയാനൊക്കുമോ..??!!
എന്തായാലും രണ്ടുപേരുടെയും വാശികൊണ്ട് ഗുണമുണ്ടായത് ചാനലുകാര്‍ക്കാണ്..!! പണ്ടൊക്കെ ടി.വിയില്‍ നിയമസഭാ നടപടികളുടെ തത്സമയ സംപ്രേക്ഷണം എന്ന് കേട്ടാല്‍ സ്വീകരണമുറിയിലെ കസേരയും സോഫയും വരെ എഴുന്നേറ്റു പുറത്തേയ്ക്ക് പോകുമായിരുന്നു..!! എന്നാല്‍ ഇത്തവണ കളി മാറി..!! ബജറ്റ് അവതരണത്തിന്റെ തലേദിവസം പ്രതിപക്ഷക്കാര് സഭാഹാളില്‍ കിടപ്പായി എന്നറിഞ്ഞപ്പോള്‍ത്തന്നെ നാട്ടുകാര്‍ ടി.വി ചാനലിനു മുന്നിലും കിടപ്പായി..!! രാവിലെ മുതല്‍ ഫ്ലാഷ് ന്യൂസുകള്‍ വന്നു തുടങ്ങി..!! പ്രതിപക്ഷ എം.എല്‍.എ മാര്‍ മൂരി നിവര്‍ത്തുന്നു, ജയരാജന് കോട്ടുവായിട്ടു, ബേബി പല്ലു തേയ്ക്കുന്നു, ശിവന്‍കുട്ടി ബക്കറ്റുമായി പോകുന്നു…..!! അങ്ങനെ തത്സമയ വിവരണങ്ങള്‍ കേട്ടാണ് പലരും സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേറ്റത്..!! എട്ടുമണി കഴിഞ്ഞപ്പോഴേയ്ക്കും രംഗം ചൂടായി..!! കുറേപ്പേര് നേരെ സ്പീക്കറുടെ ഡയസിലേയ്ക്ക്…!! നോക്കിയപ്പോള്‍ അവിടെ ഒരു മൈക്കും കമ്പ്യൂട്ടറും കസേരയും അധികപ്പറ്റ്..!! അത് തീര്‍ത്തു..!! അപ്പോള്‍ സ്പീക്കര്‍ വരുന്നു..!! സ്പീക്കര്‍ക്കെന്താ ഡയസ്സില്‍ കാര്യം എന്ന് ചോദിച്ച് അദ്ദേഹത്തെ ഓടിച്ചു…!! അപ്പോള്‍ ദേ ഏതോ വാതിലിലൂടെ സാക്ഷാല്‍ മാണിസാര്‍..!! പിന്നെ എല്ലാം പെട്ടെന്നായിരുന്നു…!! കയ്യില്‍ കരുതിയ കണ്ണട എടുത്തു മൂക്കത്ത് വയ്ക്കുന്നു, പെട്ടിയില്‍ നിന്ന് കടലാസുകള്‍ എടുക്കുന്നു.., വായിക്കുന്നു.. ഒരു ബോംബ് ‘അരിയ്ക്ക് വില കൂട്ടി’, രണ്ടു ബോംബ് ‘ഗോതമ്പിനു വില കൂട്ടി’ അപ്പോള്‍ ദേ പുറകിലൊരു ബഹളം..!! മാണിസാര്‍ തിരിഞ്ഞു നോക്കി..!! ബിജിമോളെ ഷിബുമോന്‍ തടഞ്ഞു വച്ചിരിക്കുന്നു..!! വീണ്ടും തിരിഞ്ഞ് അടുത്ത ബോംബ്, ‘പഞ്ചസാരയ്ക്കും വില കൂട്ടി’..!! അതിനിടെ കടി കിട്ടിയ ആരോ കരഞ്ഞു..!! ഉടനെ വീണ്ടും ബോംബ്, ‘ആശുപതിമുറിയ്ക്ക് നികുതിയിളവ്’…!! ഓരോ വാക്കുകള്‍ക്കും അകമ്പടിയായി പ്രതിപക്ഷത്തെ ചീയര്‍ ഗേള്‍സിന്റെയും ബോയ്സിന്റെയും കൂക്കുവിളി..!! ഭരണപക്ഷത്ത് ഗേള്‍സ് ഇല്ലാത്തതിനാല്‍ ബോയ്സിന്റെ മറുകൂക്കും കയ്യടിയും…!! ഒന്നും രണ്ടും മണിക്കൂര്‍ സമയം നാട്ടുകാരെയും പ്രതിപക്ഷത്തെയും നിയമസഭാ ലേഖകന്മാരെയും ബോറടിയുടെ പുത്തന്‍ തലങ്ങള്‍ പഠിപ്പിച്ചിരുന്ന ബജറ്റ് അവതരണത്തിന് മാണിസാര്‍ എടുത്തത് വെറും 9 മിനുട്ട്..!! അതും നല്ല ആക്ഷന്‍ പാക്ക്ഡ് ആയി..!! അടുത്ത ബജറ്റ് സമ്മേളനത്തിന്റെ സംപ്രേക്ഷണാവകാശത്തിന് വിദേശചാനലുകള്‍ വരെ ഇപ്പോഴേ സര്‍ക്കാരിനെ സമീപിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്..!! എന്തായാലും സംഗതി കലക്കി..!! ബജറ്റ് കൊണ്ട് ഉപദ്രവമേയുള്ളൂ എങ്കിലെന്താ, അതിന്റെ അവതരണദിനം ഓര്‍ത്താല്‍ ആ വേദന അറിയുകയേയില്ല എന്നാണ് എല്ലാവരും പറയുന്നത്..!!
എന്തൊക്കെ തെറ്റിദ്ധാരണകളാണ് നമുക്ക് ഉണ്ടായിരുന്നത്..??!! നിയമസഭ തുടങ്ങുന്നതിനു മുന്‍പ് അംഗങ്ങള്‍ എല്ലാവരും കസേരയിലിരിക്കണം..!! വാച്ച് ആന്‍ഡ് വാര്‍ഡ് വന്നു സ്പീക്കറുടെ ആഗമനം വിളിച്ചറിയിക്കണം, പിന്നെ സ്പീക്കര്‍ വരണം..!! എന്നിട്ട് മൈക്കിലൂടെ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിക്കണം..!! ധനമന്ത്രി ബജറ്റ് നിര്‍ദേശങ്ങള്‍ ഖണ്ഡശ്ശ വിശദീകരിക്കണം…!! പിന്നെ ചര്‍ച്ച ഉപചര്ച്ച ഒടുവില്‍ പാസ്സാക്കല്‍..!! വേറെ ഒരു പണിയുമില്ലാത്തവര്‍ക്ക് പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ലേ ഇതെല്ലാം..??!! ഇപ്പോള്‍ കാര്യങ്ങള്‍ എത്ര ലളിതമായി എന്ന് നോക്കൂ..!! സ്പീക്കര്‍ വരുന്നു…!! സൗകര്യം പോലെ കൈയാട്ടിയോ വിരല്‍ ഞൊടിച്ചോ വിസിലടിച്ചോ ധനമന്ത്രിയെ വിളിക്കുന്നു…!! ധനമന്ത്രി എന്തൊക്കെയോ പറയുന്നു..!! സംസാരിക്കാന്‍ പറ്റില്ല എങ്കില്‍ വെറുതെ മുക്കുകയോ മൂളുകയോ ചെയ്താലും മതി…!! ബജറ്റ് അവതരണം ശുഭം..!! തുടര്‍ന്നുള്ള ചടങ്ങുകള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ചര്‍ച്ച തന്നെ വേണ്ടെന്നു വച്ചു…!!! ഇനി പാസ്സാക്കല്‍ മാത്രം..!!! അതും നിയമസഭാ ഹാളും സ്പീക്കറും അംഗങ്ങളും അന്നേദിവസം അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രം..!!
സാധാരണ ബജറ്റ് അവതരണത്തിനു ശേഷം നടക്കുന്ന പ്രധാന അടിയന്തിര ചടങ്ങുകളിലൊന്നായ ചാനല്‍ ചര്‍ച്ച ഇത്തവണ കാര്യമായി കണ്ടില്ല..!! അവിടെ മുഴുവന്‍ നിറഞ്ഞു നിന്നത് നിയമസഭയിലെ കോമഡിയായിരുന്നു..!! അതുകൊണ്ട് തന്നെ ഈ ബജറ്റില്‍ തങ്ങളുടെ പിടലിയ്ക്ക് വയ്ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള കത്തികളെക്കുറിച്ച് പൂര്‍ണമായ ധാരണ നാട്ടുകാര്‍ക്ക് ഇപ്പോഴും ഉണ്ടായിട്ടില്ല..!! വരട്ടെ, സമയം ഇനിയും ഉണ്ടല്ലോ..!! ഇനിയിപ്പോള്‍ മൂക്കില്‍ ഒരു മീറ്റര്‍ വച്ച് ഓക്സിജന്‍ ഉപയോഗത്തിന് പോലും നികുതി ഈടാക്കിയാലും പ്രശ്നമൊന്നുമില്ല; പക്ഷെ അടുത്ത ബജറ്റ് അവതരണം ഉണ്ടെങ്കില്‍ സംഗതി ഇതിനേക്കാള്‍ ഉഷാറാക്കണം എന്നാണ് എല്ലാവരും പറയുന്നത്…!! ചാവുമ്പോഴും ചിരിച്ചുകൊണ്ട് ചത്താല്‍ അത്രയും ആശ്വാസം കിട്ടുമല്ലോ…?!
Discussion about this post