തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്ക് ഇനി വിശ്രമമാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പന്തളം സുധാകരന് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മാണി വിശ്രമത്തിന് പോയാല്‍ പ്രതിപക്ഷ സമരം തണുക്കും. യുഡിഎഫ് ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കണമെന്നും പന്തളം പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
ശാരീരികമായും മാനസികമായും ക്ഷീണിച്ച അവസ്ഥയിലാണ് അദ്ദേഹം. മാണി ആറു മാസത്തെ വിശ്രമമെടുക്കണം. ഈ കാലയളവില്‍ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം ഇക്കാര്യത്തില്‍ യൂഡിഎഫ് കൂട്ടായ തീരുമാനം എടുക്കണമെന്നും പന്തളം ആവശ്യപ്പെടുന്നു.
ചര്‍ച്ചയായതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് പന്തളം സുധാകരന് പിന്നീട് അറിയിച്ചു. മാണിയ്ക്കെതിരായ യാതൊരു പ്രസ്താവനയും ഉണ്ടാകരുതെന്ന് കെപിസിസി നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ചുണ്ടനക്കരുത്, മിണ്ടരുത് എന്നിങ്ങനെ നിര്‍ദ്ദേശമുണ്ടെന്ന് അജയ് തറയിലും പ്രതികരിച്ചു
കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി ഏകോപനസമിതി യോഗത്തിലും കെ.എം മാണിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാണി കോഴ വാങ്ങിയെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത് എന്നായിരുന്നു യോഗത്തിലുയര്‍ന്ന പൊതുവികാരം. ബജറ്റ് ചര്‍ച്ചകളില്‍ നിന്ന് മാണി മാറി നില്‍ക്കണമെന്ന അഭിപ്രായം യൂഡിഎഫിനകത്ത് ശക്തമാണ്. എന്നാല്‍ മാണി ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
ആദരണീയനായ ധനമന്ത്രി ശ്രീ. കെഎം മാണിക്ക് ഇനി വേണ്ടത് അല്പം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടേയും രാഷ്ട്രീയമായ ആക്രമണങ്ങളുടേയും പത്മവ്യൂഹത്തിലായിരുന്നു മാണി സാര്‍. എന്നാല്‍ അതെല്ലാം ഭേദിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ചെറുത്തുനില്‍പ്പിനേയും അക്രമങ്ങളേയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അങ്ങനെ യുഡിഎഫിനു മുന്നില്‍ വിജയശ്രീലാളിതനായി നില്‍ക്കുകയാണ് ശ്രീ കെ.എം മാണി. എന്നാല്‍ കേരളരാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹം ഇക്കഴിഞ്ഞ നാളുകളില്‍ ഏറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊര്‍ജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേയ്ക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കണം. അതിനിടയില്‍ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീര്‍ച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെ സംഘര്‍ഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തല്ക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യുഡിഎഫ് ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കണം.
Discussion about this post