ശ്രീനഗർ; ജമ്മു കശ്മീരിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന. സിയാച്ചിനിൽ ചൈന അനധികൃതമായി റോഡ് നിർമ്മിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യൂറോപ്യൻ ബഹിരാകാശ ഏജൻസി പകർത്തിയ സാറ്റലൈറ്റ് ചിത്രങ്ങൾ ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ ആണ് പുറത്തുവിട്ടിരിക്കുന്നത്. സിയാച്ചിൻ മലനിരകളോട് ചേർന്നുള്ള ഷക്‌സ്ഗാം താഴ്‌വരയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. പാക് അധീന കശ്മീരിന്റെ ഭാഗമായ ഈ പ്രദേശം ചെെനയാണ് കയ്യടക്കിവച്ചിരിക്കുന്നത്. നിലവിൽ ഇവിടെ ചൈന നിർമ്മിച്ച പാതയുണ്ട്. ഇത് വിപുലീകരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം സാറ്റ്‌ലൈറ്റ് ചിത്രങ്ങളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുൻ സൈനിക കമാൻഡർ ലഫ്. ജനറൽ രാകേഷ് ശർമ്മ രംഗത്ത് എത്തി. റോഡിന്റെ നിർമ്മാണം നിയമവിരുദ്ധം ആണെന്നും, അതിനാൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പുറമേ ചൈനയോട് രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
2017- 18 കാലത്തും പ്രദേശത്ത് ചൈന അനധികൃത റോഡ് നിർമ്മാണം നടത്തിയിട്ടുണ്ട്. ഇതിന് പുറമേ പ്രദേശത്ത് സൈനിക സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. എന്നാൽ അന്ന് ഇതിനോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് ഗാൽവൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2022 ൽ നടന്ന സൈനിക ചർച്ചകൾക്കിടെ ഇന്ത്യൻ സൈന്യം ശക്തമായ പ്രതിഷേധം അറിയിക്കുകയായിരുന്നു. ആക്‌സായി ചിന്നിൽ ആധിപത്യം ഉണ്ടാക്കാനുള്ള ചൈനയുടെ ശ്രമവും ഇന്ത്യ ശക്തമായി ചെറുത്തിരുന്നു.
Discussion about this post