ഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പഞ്ചാബിലെ വിജയത്തില്‍ താങ്കളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ടെലഫോണില്‍ വിളിച്ചായിരുന്നു മോദിയുടെ അഭിനന്ദനം. ഇന്ന് പുറത്തുവന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോണ്‍ഗ്രസിന് ആശ്വാസം പഞ്ചാബിലെ വിജയം മാത്രമാണ്. പത്തുവര്‍ഷം നീണ്ട എന്‍ഡിഎ സഖ്യത്തിന്റെ ഭരണം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചിരിക്കുന്നത്. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് കോണ്‍ഗ്രസിന്റെ വിജയശില്പി.
ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് അമരീന്ദര്‍ മത്സരിച്ചത്. പാട്യാലയില്‍ വിജയം കുറിച്ചപ്പോള്‍ ലാംബിയില്‍ തോറ്റു. പാട്യാലയില്‍ 51,000-ല്‍ പരം വോട്ടുകള്‍ക്കാണ് ക്യാപ്റ്റന്റെ വിജയം. എന്നാല്‍ ലാംബിയില്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെ മത്സരിച്ചെങ്കിലും തോല്‍ക്കാനായിരുന്നു വിധി.
കോണ്‍ഗ്രസ് 75 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. 24 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എഎപിയാണ് രണ്ടാം സ്ഥാനത്ത്. ശിരോമണി അകാലിദള്‍ബിജെപി സഖ്യം വെരും 18 സീറ്റുകളില്‍ ഒതുങ്ങി. കഴിഞ്ഞ തവണ 68 സീറ്റുകളുമായാണ് എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 46 സീറ്റുകളാണ് ഉണ്ടായിരുന്നത്. കന്നിയങ്കത്തിനിറങ്ങിയ എഎപി മികച്ച മുന്നേറ്റമാണ് നടത്തിയത് എന്ന് പറയാം. എന്നാലും പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
Discussion about this post