ലക്നൗ: യുപിയിലെ മുസ്ലീം മേഖലകളിലും ബിജെപിക്ക് വന്‍ മുന്നേറ്റം. ഇതു വഴി മുസ്ലിം വിഭാഗത്തിന് യുപിയിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാനത്തെ 19 ശതമാനം വരുന്ന മുസ്ലിങ്ങളിൽനിന്ന് ഇത്തവണ 24 മുസ്ലിം എംഎൽഎമാർ മാത്രമാണ് നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണ 69 മുസ്ലിം അംഗങ്ങളാണ് നിയമസഭയിലുണ്ടായിരുന്നത്. 69-ൽ നിന്നാണ് 24 ലേക്ക് മുസ്ലിം എംഎൽഎമാരുടെ എണ്ണം കൂപ്പുകുത്തിയിരിക്കുന്നത്.
സമാജ്വാദി പാർട്ടിയുടെ 14 മുസ്ലിം സ്ഥാനാർഥികളും ബിഎസ്പിയുടെ അഞ്ചു പേരും കോൺഗ്രസിന്റെ രണ്ടു പേരും വിജയിച്ചു. യുപിയിലെ 72 മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങൾ ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. ശക്തമായ വോട്ട് ബാങ്ക് സമുദായത്തെ തെല്ലും പരിഗണിക്കാതെയാണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഖബറിസ്ഥാൻ മാത്രമല്ല ശ്മശാനങ്ങളും വേണമെന്ന തരത്തിലുള്ള വർഗീയ മുദ്രാവാക്യങ്ങൾ ഉയർത്തിയ ബിജെപി 403 സീറ്റിൽ മത്സരിച്ചെങ്കിലും ഒറ്റ മണ്ഡലത്തിൽപോലും മുസ്ലിംങ്ങളെ സ്ഥാനാർഥികളാക്കിയില്ല.
മുസ്ലിങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലങ്ങളാണ് പടിഞ്ഞാറൻ യുപി, റോഹികണ്ഡ്, ടെറായി, കിഴക്കൻ യുപി എന്നിവിടങ്ങൾ. എസ്പി, കോൺഗ്രസ്, ബിഎസ്പി എന്നീപാർട്ടികളുടെ വോട്ട് ബാങ്കുമാണ് ഇവിടെ മുസ്ലിങ്ങൾ. തെരഞ്ഞെടുപ്പിൽ ഈ ഭാഗങ്ങളിൽ മുസ്ലിം ഏകീകരണം ഉണ്ടാകുന്നത് ബിജെപിക്ക് തിരിച്ചടിയാവാറുണ്ടായിരുന്നു. എന്നാല്‍ മുസ്ലീം വിഭാഗത്തിലെ ഷിയകള്‍ ബിജെപിക്ക് അനുകൂലമായി ചിന്തിച്ചുവെന്നാണ് ചില കണക്കുകള്‍ വ്യക്തമാകുന്നത്.
എന്നാൽ എസ്പിയും കോൺഗ്രസും സഖ്യത്തിലെത്തിയപ്പോൾ സംഭവിച്ചത് മുസ്ലിം വോട്ടുകളുടെ ശിഥലീകരണമാണ്. എസ്പി-കോൺ സഖ്യത്തിലേക്കും ബിഎസ്പിയിലേക്കും മുസ്ലിം വോട്ടുകൾ ചിതറിയപ്പോൾ യാദവ ദളിത് വോട്ടുകളും നിർണായകമായ ഈ മണ്ഡലങ്ങളിൽ ബിജെപിയാണ് നേട്ടമുണ്ടാക്കിയത്.
Discussion about this post